ഹുർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; ലബനാനിൽ തുടരുന്ന ഇസ്രായേൽ കൂട്ടക്കുരുതിയിൽ പ്രതിഷേധം
text_fields(ഫയൽ ചിത്രം)
തെഹ്റാൻ: തെക്കൻ ലെബനാനിൽ ഇസ്രായേൽ തുടരുന്ന വ്യോമാക്രമണം നിർത്താത്ത സാഹചര്യത്തിൽ ഹുർമുസ് കടലിടുക്ക് പൂർണമായും അടച്ച് ഇറാൻ. വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേലും അമേരിക്കയും അക്രമണം തുടരുന്നതിനിടയിലാണ് റെവല്യൂഷണറി ഗാർഡ്സ് ഇക്കാര്യം വ്യക്തമാക്കിയത്.
ലബനാനിൽ പുലർച്ച മുതൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുട്ടികളടക്കം 32ൽ അധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അമേരിക്കയുമായി ഒപ്പുവെച്ച താൽക്കാലിക സമാധാന കരാറിന്റെ ലംഘനമാണ് ഇസ്രായേൽ നടത്തുന്നതെന്നും ശത്രുപക്ഷത്തിന്റെ ധാർഷ്ട്യം തുടർന്നാൽ കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ഇറാൻ സൈനിക നേതൃത്വം മുന്നറിയിപ്പ് നൽകി. ഹിസ്ബുല്ലയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിൽ നാല് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതാണ് നെതന്യാഹുവിനെയും സംഘത്തെയും പ്രകോപിപ്പിച്ചതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ആഗോള എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹുർമുസ് അടച്ചതോടെ അന്താരാഷ്ട്ര വിപണിയിലും ആശങ്ക പുകയുകയാണ്.
'നിലവിലെ സാഹചര്യം വിലയിരുത്തിക്കൊണ്ട് ഹുർമുസ് കടലിടുക്ക് വീണ്ടും അടക്കാനുള്ള നീക്കത്തിലേക്ക് കടന്നിരിക്കുകയാണ്. ധാരണാപത്രത്തിലെ ഉടമ്പടികളിൽ ശത്രു പക്ഷം ലംഘിച്ചിരിക്കുന്നു. പ്രകോപനപരമായ നീക്കങ്ങൾ തുടരാനാണ് നീക്കമെങ്കിൽ കനത്ത നടപടികളിലേക്ക് ഞങ്ങൾ കടക്കും'- ഖത്തം അൽ അൻബിയ ഹെഡ് ക്വാട്ടേഴ്സ് പ്രസ്താവിച്ചു.
അതേസമയം, മേഖലയിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും ഇറാനുമായി നിർണായക ചർച്ചകൾ നടത്തുന്നതിനുമായി താൻ വരുംദിവസങ്ങളിൽ സ്വിറ്റ്സർലൻഡിലേക്ക് തിരിക്കുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് വാഷിങ്ടണിൽ അറിയിച്ചു. നിലവിലെ വെടിനിർത്തൽ കരാറുകൾ പൂർണ്ണമായി തകർന്നിട്ടില്ലെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. സ്വിറ്റ്സർലൻഡ് മധ്യസ്ഥത വഹിക്കുന്ന ചർച്ചകളിലൂടെ നയതന്ത്രപരമായ പരിഹാരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാൻസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

