യു.എസ് പോർവിമാനങ്ങൾ മിസൈൽ ആക്രമണത്തിൽ തകർത്തതായി ഇറാൻ; പശ്ചിമേഷ്യ വീണ്ടും പുകയുന്നു
text_fieldsതെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധം വ്യാപിക്കുന്നു. ജോർഡനിൽ നിലയുറപ്പിച്ച നിരവധി യു.എസ് പോർവിമാനങ്ങളും റീഫ്യൂവലിങ് (ഇന്ധനം നിറക്കുന്ന) വിമാനങ്ങളും തകർത്തതായി ഇറാൻ റവലൂഷനറി ഗാർഡ് (ഐ.ആർ.ജി.സി) അവകാശപ്പെട്ടു.
മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ പ്രത്യാക്രമണത്തിൽ നിരവധി യു.എസ് വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇറാൻ പ്രസ്താവനയിൽ അറിയിച്ചു. യു.എസിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് ഇറാന്‍റെ അവകാശവാദം. ഇറാനിലെ യു.എസ് ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഇറാന്‍റെ പ്രത്യാക്രമണം. എന്നാൽ, ജോർഡനോ, യു.എസ് സൈനികരോ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല. ഇറാൻഷാറിൽ ഇറാൻ സൈനികരെ വധിച്ചതിനുള്ള പ്രതികാരമായി സിറിയയിലെ അൽ-തൻഫിലുള്ള യു.എസ് സ്പെഷൽ ഓപറേഷൻസ് കമാൻഡ് സെന്റർ ആക്രമിച്ചതായും ഐ.ആർ.ജി.സി വ്യക്തമാക്കി.
എന്നാൽ, ജോർഡനുമായും ഇറാഖുമായും അതിർത്തി പങ്കിടുന്ന തെക്കുകിഴക്കൻ മേഖലയിലുള്ള അൽ-തൻഫ് താവളം ഇറാൻ ആക്രമിച്ചെന്ന റിപ്പോർട്ടുകൾ സിറിയ നിഷേധിച്ചു. താവളത്തിന് നേരെ യാതൊരുവിധ ആക്രമണമോ ഷെല്ലാക്രമണമോ ഉണ്ടായിട്ടില്ലെന്നും അവിടെ അമേരിക്കൻ സൈനിക സാന്നിധ്യമില്ലെന്നും മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു. ഹുർമുസ് കടലിടുക്കിന് സമീപമുള്ള പ്രദേശങ്ങൾ ഉൾപ്പെടെ തെക്കൻ ഇറാനിലെ സൈനിക, അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾക്കുനേരെ യു.എസ് നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഇറാന്‍റെ തിരിച്ചടി.
മേഖലയിലെ എല്ലാ അമേരിക്കൻ സൈനിക കേന്ദ്രങ്ങളും തങ്ങളുടെ മിസൈലുകളുടെയും ഡ്രോണുകളുടെയും പരിധിയിലാണെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അതേസമയം, തങ്ങളുടെ വ്യോമാതിർത്തിയിലൂടെ കടന്നുപോയ മൂന്ന് ഇറാനിയൻ മിസൈലുകൾ തകർത്തതായി ജോർഡൻ അവകാശപ്പെട്ടു. അമേരിക്ക ആക്രമണം പുനരാരംഭിച്ച ജൂൺ 22 മുതൽ ഇറാനിൽ 38 പേർ കൊല്ലപ്പെടുകയും 400 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ ഒരു കുട്ടിയും മൂന്നു സ്ത്രീകളുമുണ്ട്.
ഇതിനിടെ, ഇറാനെതിരെയുള്ള സൈനിക നടപടി യു.എസ് വ്യാപിപ്പിച്ചു. ഇറാന്‍റെ സൈനിക ശേഷി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണങ്ങൾ നടത്തിയതെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. തീരദേശ നിരീക്ഷണ സംവിധാനങ്ങൾ, വ്യോമപ്രതിരോധ കേന്ദ്രങ്ങൾ, സൈനിക ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾ, സമുദ്ര ആസ്തികൾ എന്നിവയുൾപ്പെടെ നിരവധി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി യു.എസ് വ്യക്തമാക്കി. തെഹ്റാൻ ചർച്ചകളിലേക്ക് മടങ്ങിയെത്തിയില്ലെങ്കിൽ ഇറാനിലെ പാലങ്ങളും വൈദ്യുതി കേന്ദ്രങ്ങളും ലക്ഷ്യമിടുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണങ്ങൾ കടുപ്പിച്ചത്.
ജോർഡനിലെ യു.എസ് വിമാനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് പുറമെ, മേഖലയിലുടനീളമുള്ള അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സൈനിക താവളങ്ങൾക്കുനേരെ പ്രത്യാക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. യു.എസ് സൈനിക നടപടികൾക്ക് മറുപടിയായി ഇറാൻ ഹുർമുസ് അടച്ചതോടെ
ആഗോള ഊർജ വിതരണവും കപ്പൽ ഗതാഗതവും പ്രതിസന്ധിയിലായി. കഴിഞ്ഞ മാസം നിലവിൽവന്ന താൽക്കാലിക വെടിനിർത്തൽ കരാർ തകർന്നതോടെ നയതന്ത്ര നീക്കങ്ങൾ സ്തംഭിച്ച അവസ്ഥയിലാണ്. സംഘർഷം വലിയൊരു യുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്കകൾക്കിടയിൽ, സൈനിക നടപടികൾ അവസാനിപ്പിച്ച് ചർച്ചകളിലേക്ക് മടങ്ങാൻ യു.എസിനോടും ഇറാനോടും ചൈനയും പാകിസ്താനും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

