അമേരിക്കൻ പടക്കപ്പൽ 'യു.എസ്.എസ് എബ്രഹാം ലിങ്കണ്' നേരെ ഇറാൻ ആക്രമണം
text_fieldsയു.എസ്.എസ് എബ്രഹാം ലിങ്കൺ
തെഹ്‌റാൻ: ഗൾഫ് മേഖലയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണ് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ് (ഐ.ആർ.ജി.സി) അറിയിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ പ്രത്യാക്രമണം.
അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണത്തിൽ ഖാംനഈ കൊല്ലപ്പെട്ടതിന് പ്രതികാരമായി നടത്തിയ 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ന്റെ (Operation True Promise 4) ഭാഗമായാണ് ഈ ആക്രമണമെന്ന് ഇറാൻ വ്യക്തമാക്കി. യു.എസ്.എസ് എബ്രഹാം ലിങ്കണിൽ നാല് ബാലിസ്റ്റിക് മിസൈലുകൾ നേരിട്ട് പതിച്ചതായാണ് ഇറാൻ അവകാശവാദം. ഇറാന്റെ ഈ അവകാശവാദത്തെക്കുറിച്ച് അമേരിക്കൻ പ്രതിരോധ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരണം നൽകിയിട്ടില്ല. എന്നാൽ, മേഖലയിൽ സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ യു.എസ് സേന അതീവ ജാഗ്രതയിലാണ്. ഖാംനഈയുടെ മരണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ ഒരു വൻ യുദ്ധത്തിനുള്ള സാധ്യതയാണ് ഇതോടെ തെളിയുന്നത്.
അതിനിടയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഇസ്രായേലിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഇറാൻ തൊടുത്ത ബാലിസ്റ്റിക് മിസൈൽ ബെയ്ത്ത് ശെമേശിലെ ബോംബ് ഷൈൽട്ടറിൽ പതിക്കുകയായിരുന്നു. നേരത്തെ എട്ടുപേരുടെ മരണമാണ് സ്ഥിരീകരിച്ചത്. തുടർന്ന് അവശിഷ്ടങ്ങൾക്കടിയിൽ നടത്തിയ തെരച്ചിലിൽ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. സ്ഥലത്തുണ്ടയിരുന്ന 20 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബെയ്ത്ത് ശെമേശ് മേയർ ശാമുവൽ ഗ്രീൻബെർഗ് പറഞ്ഞു.
അമേരിക്കയും ഇസ്രായേലും ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശക്തി ഉപയോഗിച്ച് അവരെ ആക്രമിക്കുമെന്ന് ഇറാൻ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് മുൻ സൈനിക ഉദ്യോഗസ്ഥനും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുമായ അലി ലാരിജാനി നേരത്തെ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇറാന്റെ ഈ ആക്രമണം ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

