ഇന്ത്യൻ ജീവനക്കാരുള്ള കപ്പലിന് നേരെ ഇറാന്റെ ആക്രമണം
text_fieldsപ്രതീകാത്മക ചിത്രം
തെഹ്റാൻ/ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യു.എസ്-ഇസ്രായേൽ-ഇറാൻ തർക്കം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെ, 12 ഇന്ത്യൻ ജീവനക്കാരുള്ള ‘എം.ടി’ സിറോൺ കെമിക്കൽ ടാങ്കറിന് നേരെ ഇറാന്റെ ആക്രമണമെന്ന് റിപ്പോർട്ട്. ടോഗോ പതാക ഘടിപ്പിച്ച കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒമാൻ ഉൾക്കടലിന് സമീപം ഇറാന്റെ സായുധ സേനയാണ് കപ്പൽ ലക്ഷ്യമിട്ടതെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായത്.
ഇക്കാര്യം ഇന്ത്യൻ തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയും സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാനിലെ ശിനാസ് തുറമുഖത്തിന്റെ പുറം പരിധിയിലാണ് സംഭവം നടന്നതെന്ന് തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയത്തിലെ ഡയറക്ടർ മൻദീപ് സിങ് രന്ധവ വ്യക്തമാക്കി. മറ്റ് കപ്പലുകൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ടാങ്കറിനെ ഇറാനിയൻ സേന തടയുകയും മുന്നറിയിപ്പ് എന്ന നിലയിൽ വെടിയുതിർക്കുകയുമായിരുന്നു.
കപ്പലിലെ മുഴുവൻ ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് മന്ത്രാലയം വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് വിദേശകാര്യ മന്ത്രാലയവും ഷിപ്പിങ് മന്ത്രാലയവും വിവിധ സമുദ്ര പങ്കാളികളുമായി ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. മേഖലയിലെ ഇന്ത്യൻ നാവികരുടെയും കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ശക്തമായ ഏകോപനം നടക്കുന്നുണ്ടെന്ന് രന്ധവ അറിയിച്ചു.
സമീപകാലത്തായി മേഖലയിൽ കപ്പലുകൾക്ക് നേരെ ഇത്തരം ആക്രമണങ്ങൾ വർധിക്കുന്നത് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെ ആശങ്കയിലാക്കുന്നുണ്ട്. നേരത്തെയും ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു.സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

