ഇറാൻ - ഇസ്രായേൽ വെടിനിർത്തൽ പ്രാബല്യത്തിലെന്ന് ട്രംപ്
text_fieldsതെഹ്റാൻ: രൂക്ഷമായ മിസൈൽ ആക്രമണത്തിനു പിന്നാലെ ഇസ്രായേലുമായി വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ഇറാൻ. ഇറാൻ ടെലിവിഷനെ ഉദ്ധരിച്ച് അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്രായേലും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും സമൂഹമാധ്യമമായ ട്രൂത്തിൽ പോസ്റ്റ് ചെയ്ത പുതിയ കുറിപ്പിലൂടെ വ്യക്തമാക്കി. ഇരു രാജ്യങ്ങളും കരാർ ലംഘിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, വെടിനിര്‍ത്തലിന്‍റെ അവസാനമണിക്കൂറിലും ഇരു രാജ്യങ്ങളും കനത്ത ആക്രമണം തുടർന്നു. തെഹ്റാനിൽ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇസ്രായേലിനുനേരെ ഇറാൻ നിരവധി ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു. ഒരു മിസൈൽ ബീർഷെബയിലെ അപാർട്ട്മെന്റ് കെട്ടിടത്തിൽ പതിച്ച് നാലുപേർ കൊല്ലപ്പെട്ടതായി ടൈംസ് ഓഫ് ഇസ്രായേൽ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഖത്തറിന്റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ ഉടമ്പടിക്ക് വഴിയൊരുക്കിയത് ബി 2 ബോംബർ വിമാനങ്ങളുടെ പൈലറ്റുമാരുടെ വൈദഗ്ധ്യവും ധൈര്യവുമാണെന്നാണ് ട്രംപിന്‍റെ അവകാശവാദം. യു.എസ് ആക്രമണം ഇരുപക്ഷത്തെയും കരാറിന് പ്രേരിപ്പിച്ചതായും ട്രംപ് പറയുന്നു.
നേരത്തെ, ഇസ്രായേൽ നിയമവിരുദ്ധമായ ആക്രമണം നിർത്തിയാൽ മാത്രം വെടിനിർത്തൽ പരിഗണിക്കാമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞിരുന്നു. ‘ഇതുവരെ വെടിനിർത്തലിനു കരാർ ഇല്ല. ഇസ്രായേലാണ് ഇറാനെതിരെ യുദ്ധം ആരംഭിച്ചത്, തങ്ങളല്ല. നിലവിൽ, വെടിനിർത്തൽ സംബന്ധിച്ചോ സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനോ ഒരു കരാറും ഇല്ല. ഇറാനിയൻ ജനതക്കെതിരായ നിയമവിരുദ്ധമായ ആക്രമണം ഇസ്രായേൽ ഭരണകൂടം അവസാനിപ്പിക്കുകയാണെങ്കിൽ മാത്രം വെടിനിർത്തൽ. സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് എടുക്കും’ -ഇറാൻ വിദേശകാര്യമന്ത്രി എക്സിൽ വ്യക്തമാക്കി.
തിങ്കളാഴ്ച രാത്രി ഖത്തറിലെ യു.എസ് വ്യോമതാവളത്തിനുനേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. മധ്യപൂർവദേശത്തെ ഏറ്റവും വലിയ യു.എസ് താവളമായ അൽ ഉദൈദ് എയർ ബേസിനുനേരെയാണ് മിസൈലുകളാണു തൊടുത്തത്. പിന്നാലെയാണ് ഇറാനും ഇസ്രായേലും വെടിനിർത്തലിന് ധാരണയായെന്ന് ട്രംപ് പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

