Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവസാന പന്തിലെ ആവേശപ്പോരിൽ സഞ്ജുവിനും ടീമിനും ആദ്യ തോൽവി

text_fields
bookmark_border
rashid khan 887687
cancel

ജയ്പൂർ: ആവേശം അവസാന പന്തുവരെ നീണ്ട ഐ.പി.എൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ത്രസിപ്പിക്കുന്ന ജയം. രണ്ട് റൺസ് വേണ്ടിയിരുന്ന അവസാന പന്ത് ബൗണ്ടറിയിലേക്ക് അടിച്ച് റാഷിദ് ഖാനാണ് ഗുജറാത്ത് ടീമിനെ വിജയത്തിലേക്കെത്തിച്ചത്. 18 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തുകയും 11 പന്തിൽ 24 റൺസ് നേടുകയും ചെയ്ത റാഷിദ് ഖാനാണ് കളിയിലെ താരം. സ്കോർ - രാജസ്ഥാൻ റോയൽസ് 196/3 (20 ഓവർ), ഗുജറാത്ത് ടൈറ്റൻസ് 199/7 (20 ഓവർ).

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ റോയൽസിന് മികച്ച തുടക്കമായിരുന്നില്ല. 19 പന്തിൽ 24 റൺസെടുത്ത യാശ്വസി ജയ്സ്വാളിന്‍റെ വിക്കറ്റാണ് ആദ്യം വീണത്. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിക്കാരൻ ജോസ് ബട്ട്ലർ എട്ട് റൺസിന് പുറത്തായതോടെ 5.4 ഓവറിൽ രണ്ടിന് 42 എന്ന നിലയിലായി റോയൽസ്. എന്നാൽ, പിന്നീട് ഒന്നുചേർന്ന സഞ്ജു സാംസൺ-റയാൻ പരാഗ് സഖ്യം കളി മാറ്റിയെഴുതി. മികച്ച ഫോമിൽ തുടർന്ന സഞ്ജു 38 പന്തിൽ പുറത്താകാതെ 68 റൺസെടുത്തു. റയാൻ പരാഗ് 48 പന്തിൽ 76 റൺസെടുത്തു. അവസാന ഓവറുകളിൽ റണ്ണൊഴുകിയതോടെ 196 എന്ന വലിയ സ്കോറിലേക്ക് റോയൽസ് എത്തി. ഷിമ്രോൺ ഹെറ്റ്മെയർ അഞ്ച് പന്തിൽ 13 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കമാണ് ഗുജറാത്ത് ടൈറ്റൻസിന് ലഭിച്ചത്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (44 പന്തിൽ 72) മുന്നിൽ നിന്ന് നയിച്ചു. 35 റൺസെടുത്ത സായി സുദർശൻ മികച്ച പിന്തുണയേകി. ഇടക്ക് മഴയെത്തിയതും അതിന് പിന്നാലെ വിക്കറ്റുകൾ വീണതും ഗുജറാത്തിനെ സമ്മർദത്തിലാക്കി. മാത്യു വേഡ് (4), അഭിനവ് മനോഹർ (1) എന്നിവർ അതിവേഗം പുറത്തായി. ഗിൽ പുറത്തായതോടെ മത്സരം കടുത്തു. വിജയ് ശങ്കർ 16 റൺസെടുത്ത് പുറത്തായി.

ഗിൽ പുറത്താകുമ്പോൾ 28 പന്തിൽ 64 റൺസ് വേണ്ടിയിരുന്നു ജയിക്കാൻ. പിന്നീട് ഒത്തുചേർന്ന രാഹുൽ തെവാട്ടിയയും (11 പന്തിൽ 22), റാഷിദ് ഖാനും മത്സരം റോയൽസിന്‍റെ കൈയിൽ നിന്ന് തട്ടിയെടുത്തു. ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ 15 റൺസായിരുന്നു വേണ്ടത്. ആദ്യ പന്ത് ഫോർ, അടുത്ത പന്തിൽ രണ്ട് റൺസ്, വീണ്ടും ഫോർ. അഞ്ചാം പന്തിൽ തെവാട്ടിയ റൺഔട്ട് ആകുമ്പോൾ ഒരു പന്തിൽ ജയിക്കാൻ വേണ്ടിയിരുന്നത് രണ്ട് റൺസ്. അവസാന പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് റാഷിദ് ഖാൻ ടീമിനെ വിജയത്തിലേക്കെത്തിച്ചു. കുല്‍ദീപ് സെന്‍ എറിഞ്ഞ 19-ാം ഓവറില്‍ 20 റണ്‍സും ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സുമാണ് തെവാട്ടിയ - റാഷിദ് ഖാന്‍ സഖ്യം അടിച്ചെടുത്തത്.

തോൽവി നേരിട്ടെങ്കിലും പോയിന്‍റ് പട്ടികയിൽ രാജസ്ഥാൻ തന്നെയാണ് ഒന്നാമത്. ജയത്തോടെ ഗുജറാത്ത് ആറാം സ്ഥാനത്തെത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IPL RR vs GT updates
Next Story