അന്താരാഷ്ട്ര വിമാനങ്ങൾ ഇസ്രായേലിലേക്കുള്ള സർവിസ് നിർത്തിവെച്ചു
text_fieldsഇസ്രയേൽ-ഹമാസ് സംഘർഷം കനക്കുന്നതിനിടെ, വിമാനങ്ങൾ റദ്ദാക്കിയതിനാൽ ശനിയാഴ്ച ഇസ്രായേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ കാത്തിരിക്കുന്ന യാത്രക്കാർ
തെൽ അവീവ്: അധിനിവിഷ്ട ഫലസ്തീനിലേക്കുള്ള ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നതിനിടെ, പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികൾ ഇസ്രായേലിൽ തലസ്ഥാനമായ തെൽ അവീവിലേക്കുള്ള സർവിസ് താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു. വിമാനത്താവളത്തിലെ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളിൽ പകുതിയോളവും ഞായറാഴ്ച പറന്നില്ല. മൂന്നിലൊന്ന് ഭാഗം തിങ്കളാഴ്ച വൈകുന്നേരം വരെയുള്ള സമയത്തിനിടക്ക് റദ്ദാക്കി.
അമേരിക്കൻ എയർലൈൻസ്, എയർ കാനഡ, എയർ ഫ്രാൻസ്, ഡെൽറ്റ എയർലൈൻസ്, ഈജിപ്ത് എയർ, എമിറേറ്റ്‌സ്, ഫിൻലാൻഡിലെ ഫിൻഎയർ, ഡച്ച് വിമാനക്കമ്പനിയായ കെ.എൽ.എം, ജർമ്മനിയുടെ ലുഫ്താൻസ, നോർവീജിയൻ എയർ, പോർച്ചുഗലിന്റെ ടി.എ.പി, പോളിഷ് കാരിയർ ലോട്ട്, റയാൻഎയർ, യുനൈറ്റഡ് എയർലൈൻസ് തുടങ്ങിയ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. റഷ്യ ഇസ്രായേലിലേക്ക് രാത്രി പറക്കുന്ന വിമാനങ്ങൾ കാൻസൽ ചെയ്തു.
യു.എസ് ഫെഡറൽ ഏവിയേഷൻ അതോറിറ്റി, യൂറോപ്യൻ യൂനിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി, ഇസ്രായേലിന്റെ ഏവിയേഷൻ അതോറിറ്റി എന്നിവ ഇസ്രായേൽ വ്യോമാതിർത്തിയിൽ ജാഗ്രത പാലിക്കണമെന്ന് വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടു. ചൈന, ഹോങ്കോംഗ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്ന് പറക്കുന്ന വിമാനങ്ങളും ടെൽ അവീവിലേക്കുള്ള സർവിസ് റദ്ദാക്കി. "ഇസ്രായേലിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത്" ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഷെഡ്യൂൾ ചെയ്തിരുന്ന ടെൽ അവീവ് വിമാനങ്ങൾ റദ്ദാക്കുകയാണെന്ന് ഹോങ്കോങ്ങിന്റെ കാഥേ പസഫിക് എയർവേസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

