ഗസ്സക്കുവേണ്ട അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റണമെന്ന് ഇസ്രായേലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി
text_fieldsഗസ്സ സിറ്റി: ഗസ്സയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇസ്രായേലിന് ബാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷനൽ കോർട്ട് ഓഫ് ജസ്റ്റിസ് (ഐ.സി.ജെ). ബോംബാക്രമണം നടന്ന ഗസ്സ മുനമ്പിലും അതിന്റെ സ്ഥാപനങ്ങളിലും ഐക്യരാഷ്ട്രസഭ നൽകുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണക്കാൻ ഇസ്രായേൽ നിർബന്ധിതനാണെന്ന് 11 ജഡ്ജിമാരുടെ പാനൽ നിർദേശിച്ചു.
2023 ഒക്ടോബർ 7ന് ഹമാസ് നയിച്ച ആക്രമണത്തിൽ തങ്ങളുടെ ചില ജീവനക്കാർ പങ്കെടുത്തതായി ആരോപിച്ച് ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ, പ്രവർത്തന ഏജൻസിയായ ‘ഉനർവ’യുടെ പ്രവർത്തനം ഇസ്രായേൽ തടഞ്ഞിരുന്നു. എന്നാൽ, തങ്ങളുടെ കണ്ടെത്തലുകളിൽ ‘ഉനർവ’ ഹമാസിനു വേണ്ടിയും പ്രവർത്തിച്ചു എന്നതിനുള്ള തെളിവ് കാണിക്കുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടുവെന്ന് ഐ.സി.ജെ പറഞ്ഞു. ‘ഉനർവ’യിലെ യിലെ ജീവനക്കാരിൽ ഒരു പ്രധാന ഭാഗം ഹമാസിലെയോ മറ്റ് തീവ്രവാദ വിഭാഗങ്ങളിലെയോ അംഗങ്ങളാണ് എന്ന ആരോപണങ്ങളും ഇസ്രായേൽ സ്ഥിരീകരിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തിയെന്ന് ഐ.സി.ജെ പ്രസിഡന്റ് യുജി ഇവാസാവ പറഞ്ഞു.
ലോക കോടതി എന്നും അറിയപ്പെടുന്ന ഐ.സി.ജെയുടെ അഭിപ്രായങ്ങൾക്ക് നിയമപരവും രാഷ്ട്രീയവുമായ പ്രാധാന്യം ഉണ്ട്. എന്നാൽ, ഇവ നിയമ ബന്ധിതമല്ല. അതിനാൽ കോടതിക്ക് ഒരു നിർവഹണ അധികാരവുമില്ല. അതേസമയം, ഐ.സി.ജെയുടെ പ്രതികരണത്തെ ‘ലജ്ജാകരം’ എന്ന് ഐക്യരാഷ്ട്ര സഭയിലെ അംബാസഡര്‍ ഡാനി ഡാനോണ്‍ വിമര്‍ശിച്ചു. യു.എന്‍ സ്ഥാപനങ്ങള്‍ ഭീകരരെ വളര്‍ത്തുന്ന കേന്ദ്രങ്ങളാണെന്നും ഡാനോൺ ആരോപിച്ചു. കോടതി നടപടിക്രമങ്ങളില്‍ നിന്നും ഇസ്രയേല്‍ വിട്ടുനിന്നു.
അതേസമയം, മാര്‍ച്ച് മുതല്‍ മേയ് വരെ ഗസ്സയിലേക്ക് സഹായം എത്തിക്കുന്നത് വിലക്കിക്കൊണ്ട് ഇസ്രായേല്‍ അന്താരാഷ്ട്ര നിയമം ലംഘിച്ചെന്ന് ഐക്യരാഷ്ട്ര സഭയുടെയും ഐ.സി.ജെയിലെ ഫലസ്തീന്‍ പ്രതിനിധികളുടെയും അഭിഭാഷകര്‍ ആരോപിച്ചു. പിന്നീട് ഇസ്രായേല്‍ കാരണം ഗസ്സയില്‍ കടുത്ത ക്ഷാമവും മാനുഷിക ദുരന്തവും അരങ്ങേറിയെന്നും ഇതിനെ ലഘൂകരിക്കുന്നതിനുള്ള നടപടികളൊന്നും ഫലം കണ്ടില്ലെന്നും യു.എന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

