ഇന്തോനേഷ്യ ഭൂചലനം: ദുരന്തബാധിതർക്ക് നഷ്ടപരിഹാരം നൽകുമെന്ന് പ്രസിഡന്‍റ്
text_fieldsജക്കാർത്ത: ഭൂചലനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോക്കോ വിദോദോ അറിയിച്ചു. തിങ്കളാഴ്ചയാണ് ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 162 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. 700ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.
ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമായ പടിഞ്ഞാറൻ ജാവയിലെ സിയാജുറിൽ പ്രസിഡന്‍റ് ജോക്കോ വിദോദോ സന്ദർശിക്കുകയും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു.
ഇന്തോനേഷ്യയിലെ ആകെ ജനസംഖ്യയുടെ 55 ശതമാനവും താമസിക്കുന്നത് ജാവ ദ്വീപിലാണ്. മരിച്ചവറിലേറെയും വിദ്യാർഥികളാണെന്ന് പടിഞ്ഞാറൻ ജാവ ഗവർണർ റിദ്‌വാൻ കാമിൽ വ്യക്തമാക്കി. പതിനായിരത്തിലധികം പേര്‍ ഭവനരഹിതരായി. തകർന്നുവീണ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുന്നതിനായി രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.