Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേൽ ആക്രമണത്തിൽ...

ഇസ്രായേൽ ആക്രമണത്തിൽ ഇന്തോനേഷ്യൻ സമാധാന സേനാംഗങ്ങൾ കൊല്ലപ്പെട്ട സംഭവം; യു.എൻ അന്വേഷണം വേണമെന്ന് ഇന്തോനേഷ്യ

text_fields
bookmark_border
ഇസ്രായേൽ ആക്രമണത്തിൽ ഇന്തോനേഷ്യൻ സമാധാന സേനാംഗങ്ങൾ കൊല്ലപ്പെട്ട സംഭവം; യു.എൻ അന്വേഷണം വേണമെന്ന് ഇന്തോനേഷ്യ
cancel

ജകാർത്ത: ദക്ഷിണ ലെബനാനിൽ ഇസ്രായേൽ നടത്തിയ സൈനിക നീക്കങ്ങൾക്കിടെ യു.എൻ സമാധാന സേനയിലെ (UNIFIL) മൂന്ന് ഇന്തോനേഷ്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ഐക്യരാഷ്ട്രസഭയുടെ നേരിട്ടുള്ള അന്വേഷണം ആവശ്യപ്പെട്ട് ഇന്തോനേഷ്യ. ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള ഒഴികഴിവുകൾ അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്രതലത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നും ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ചൊവ്വാഴ്ച നടന്ന രക്ഷാസമിതിയുടെ അടിയന്തര യോഗത്തിൽ ഇന്തോനേഷ്യയുടെ യു.എൻ പ്രതിനിധി ഉമർ ഹാദിയാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇസ്രായേലിന്റെ സൈനിക നടപടികൾ സമാധാന സേനാംഗങ്ങളുടെ ജീവൻ അപകടത്തിലാക്കിയിരിക്കുകയാണെന്ന് ഇന്തോനേഷ്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ആഴ്ച ലെബനാനിൽ മാധ്യമപ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കും നേരെ നടന്ന ആക്രമണങ്ങൾക്ക് പിന്നാലെ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇന്തോനേഷ്യൻ സൈനികർ കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടവരിൽ ഒരാളായ 28 വയസ്സുകാരൻ ഫരീസൽ റൊമാദോൺ ഞായറാഴ്ച നടന്ന ആക്രമണത്തിലാണ് മരിച്ചത്. ഇന്തോനേഷ്യയിലെ ജകാർത്തയിലുള്ള ഇദ്ദേഹത്തിന്റെ വീട്ടിൽ ബന്ധുക്കളും സുഹൃത്തുക്കളും അന്ത്യോപചാരമർപ്പിക്കാൻ ഒത്തുകൂടി. ഫരീസലിന്റെ മൃതദേഹം ഇതുവരെ നാട്ടിലെത്തിച്ചിട്ടില്ല. ഫരീസലിന്റെ മരണത്തിന് പിന്നാലെ ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയ ആദ്യ പ്രതികരണം സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു.

അതേസമയം തിങ്കളാഴ്ച കൊല്ലപ്പെട്ട രണ്ട് സമാധാന സേനാംഗങ്ങളുടെ വാഹനം റോഡരികിലെ സ്ഫോടനത്തിൽ തകർന്നതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടെന്ന് യു.എൻ സമാധാന സേനാ മേധാവി ജീൻ പിയറി ലാക്രോയിസ് പറഞ്ഞു. എന്നാൽ, പ്രദേശത്ത് സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുകയോ സൈനികരെ വിന്യസിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.

ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള പോരാട്ടം ശക്തമാകുന്ന സാഹചര്യത്തിൽ യു.എസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം ലെബനാനിലെ സമാധാന സേനയുടെ സുരക്ഷയെ വലിയ ചോദ്യചിഹ്നത്തിലാക്കിയിരിക്കുകയാണ്. ഇസ്രായേൽ അതിർത്തി ലക്ഷ്യമാക്കിയുള്ള ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ തെക്കൻ ലബനാനിൽ സൈനിക നടപടി കൂടുതൽ വ്യാപിപ്പിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടതിനെ തുടർന്നാണ് പ്രശ്നം സങ്കീർണ്ണമായത്.

ഇറാനിൽ യു.എസും ഇസ്രായേലും സംയുക്തമായി ആക്രമണം ആരംഭിക്കുകയും ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെ മാർച്ച് രണ്ടിനാണ് ഹിസ്ബുല്ല ഇസ്രായേലിനെതിരെ ആക്രമണം ആരംഭിച്ചത്. ഇതോടെ ഇസ്രായേൽ ലെബനാനിൽ ആക്രമണം ശക്തിപ്പെടുത്തുകയായിരുന്നു. ലബാനാനിൽ സാധാരണക്കാർക്കു നേരെയും ഇസ്രായേൽ ശക്തമായ ആക്രമണം നടത്തുന്നുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ 1,200 ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായി ലെബനൻ അധികൃതർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indonesiaUN peacekeepersIsrael attacks LebanonHezbollah AttackUNIFILIsrael Iran War
News Summary - Indonesia calls for investigation into peacekeeper deaths
Next Story