യു.കെയിൽ നിയമവിരുദ്ധമായി ജോലി; ഇന്ത്യക്കാർ അടക്കം 171 പേർ പിടിയിൽ
text_fieldsലണ്ടൻ: തീവ്രമായ കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായി ബ്രിട്ടനിൽ രേഖകളില്ലാതെ ജോലി ചെയ്തതിന് 171 ഫുഡ് ഡെലിവറി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇവരിൽ ഇന്ത്യക്കാർ ഉൾപ്പെടെ ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഉണ്ട്. ബ്രിട്ടീഷ് സർക്കാർ നടത്തിയ രാജ്യവ്യാപകമായ ഓപ്പറേഷൻ ഈക്വലൈസ് എന്ന ഒരാഴ്ചത്തെ എൻഫോഴ്സ്മെന്റ് ഡ്രൈവിനിടെയാണ് നടപടി. ഇവർ എല്ലാവരെയും ഉടൻ നാടുകടത്തിയേക്കും എന്നാണ് വിവരം.
ന്യൂഹാം, നോർവിച്ച് അടക്കമുള്ള നഗരങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. പരിശോധനകൾ കർശനമാക്കിയതിന് പിന്നാലെ തൊഴിലാളികൾക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്തുവന്നിട്ടുണ്ട്. രേഖകൾ കൃത്യമല്ലെങ്കിൽ പിടികൂടി നാടുകടത്തുമെന്നാണ് മുന്നറിയിപ്പ്. യു.കെയിൽ അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള ഹോം സെക്രട്ടറിയുടെ പരിഷ്കാരങ്ങളുടെ ഭാഗമാണ് ഈ പരിശോധനകൾ. കഴിഞ്ഞ വർഷം 11,000ത്തിലധികം പരിശോധനകളാണ് അനധികൃത ജോലിയുമായി ബന്ധപ്പെട്ട് അധികൃതർ നടത്തിയത്. ഈ പരിശോധനകളുടെ ഫലമായി 8,000ത്തോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അറസ്റ്റുകളുടെ എണ്ണം മുൻവർഷത്തേക്കാൾ 50 ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യു.കെ ഭരണകൂടം അനധികൃത ജോലിക്കും കുടിയേറ്റത്തിനും എതിരെ എത്രത്തോളം കർശനമായ നിലപാടാണ് എടുക്കുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു.ഡെലിവറി റൈഡർമാർ ഉൾപ്പെടുന്ന ഗിഗ്-ഇക്കോണമി മേഖലയിലേക്കും 'റൈറ്റ്-ടു-വർക്ക്' പരിശോധനകൾ ഈ പുതിയ നിയമത്തിലൂടെ വ്യാപിപ്പിക്കും. ഇത് ഡെലിവറൂ, ജസ്റ്റ് ഈറ്റ്, ഊബർ ഈറ്റ്സ് പോലുള്ള കമ്പനികൾക്ക് കീഴിലുള്ള തൊഴിലാളികൾക്ക് ബാധകമാകും.
കൃത്യമായ രേഖകൾ പരിശോധിച്ച് ഉറപ്പാക്കാത്ത തൊഴിലുടമകൾക്ക് കനത്ത പിഴ ചുമത്തും. ഒരു അനധികൃത തൊഴിലാളിക്ക് £60,000 (അറുപതിനായിരം പൗണ്ട്) വരെ പിഴ ഈടാക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. പിഴ കൂടാതെ ജയിൽ ശിക്ഷ, ബിസിനസ് അടച്ചുപൂട്ടൽ എന്നിവ ഉൾപ്പെടെയുള്ള മറ്റ് നിയമനടപടികളും നേരിടേണ്ടിവരും. ഈ നിയമം ഡെലിവറി മേഖലയിൽ വർധിച്ചുവരുന്ന അനധികൃത ജോലികൾ തടയാൻ സർക്കാരിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

