കാനഡയിലെ ടൊറന്‍റോയിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി വെടിയേറ്റു മരിച്ചു, പ്രതികൾക്കായി തിരച്ചിൽ
text_fieldsടൊറന്റോ: കാനഡയിലെ ടൊറന്‍റോ യൂനിവേഴ്സിറ്റിയിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി വെടിയേറ്റു മരിച്ചു. എം.ബി.ബി.എസിന് പഠിക്കുന്ന ശിവങ്ക് അവസ്തിയാണ് (20) കൊല്ലപ്പെട്ടതെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
ടൊറന്റോ സർവകലാശാലയുടെ സ്കാർബറോ കാമ്പസിന് സമീപത്തുള്ള ഹൈലാൻഡ് ക്രീക്ക് ട്രയൽ ഭാഗത്താണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ വെടിയേറ്റ നിലയിൽ ശിവങ്കിനെ കണ്ടെത്തിയത്. വിദ്യാർഥിയുടെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ അറിയിച്ചു. ഹൈലാൻഡ് ക്രീക്ക് ട്രയലിനും ഓൾഡ് കിങ്സ്റ്റൺ റോഡിനും സമീപം ഒരാൾക്ക് പരിക്കേറ്റതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
ഗുരുതരമായി പരിക്കേറ്റ ശിവങ്ക് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. സംഭവത്തിനു പിന്നാലെ പ്രതികൾ ഓടി രക്ഷപ്പെട്ടു. പ്രതികളെ കണ്ടെത്താനായി പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. വിവരങ്ങൾ ലഭിക്കുന്നവർ പൊലീസുമായോ ക്രൈം സ്റ്റോപ്പേഴ്സുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ടൊറന്റോ സർവകലാശാലയിലെ വെടിവെപ്പിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി ശിവങ്ക് അവസ്തിയുടെ ദാരുണമായ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കോൺസുലേറ്റ് എക്സിൽ കുറിച്ചു.
ഒരാഴ്ചക്കിടെ ടൊറന്റോയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനാണ് ശിവങ്ക്. കഴിഞ്ഞദിവസം ഇന്ത്യൻ വംശജയായ മുപ്പതുകാരിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ടൊറന്റോ സ്വദേശിയായ ഹിമാൻഷി ഖുറാന (30) യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഹിമാൻഷിയുടെ പങ്കാളിയെന്ന് സംശയിക്കുന്നയാൾക്കെതിരെ പൊലീസ് രാജ്യം മുഴുവൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 'കാനഡ വൈഡ് അറസ്റ്റ് വാറന്റ്' പുറപ്പെടുവിച്ചു.
ഡിസംബർ 19 വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് ഹിമാൻഷിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. തുടർന്ന് സ്ട്രാചൻ അവന്യൂ, വെല്ലിങ്ടൺ സ്ട്രീറ്റ് വെസ്റ്റ് മേഖലകളിൽ പൊലീസ് രാത്രി മുഴുവൻ തിരച്ചിൽ നടത്തി. എന്നാൽ ശനിയാഴ്ച പുലർച്ചെ ആറരയോടെ വീടിനുള്ളിൽ ഹിമാൻഷിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

