ജപ്പാനിൽ ഇന്ത്യൻ റെസ്റ്റോറന്റ് ഉടമക്ക് രാജ്യം വിടാൻ ഉത്തരവ്: വിസ നിയമങ്ങൾ കർശനമാക്കി ജപ്പാൻ സർക്കാർ
text_fieldsടോക്കിയോ:ജപ്പാനിൽ മൂന്ന് പതിറ്റാണ്ടിലേറെയായി താമസിച്ച് ജീവിതം പടുത്തുയർത്തിയ ഒരു ഇന്ത്യൻ പ്രവാസിക്ക് നാടുകടത്തൽ ഭീഷണി നേരിടേണ്ടി വന്ന സംഭവം വലിയ ചര്‍ച്ചയാകുകയാണ്. പുതിയ വിസാ നിബന്ധനകൾ കാരണം രാജ്യം വിടേണ്ട സാഹചര്യം ഉണ്ടായതോടെ പൊതുയോഗത്തിനിടെ കണ്ണീരോടെ തന്റെ വേദന പങ്കുവെച്ച ഒരു ഇന്ത്യൻ റസ്റ്റോറന്റ് ഉടമയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം, ടോക്കിയോക്ക് സമീപം വർഷങ്ങളായി ഇന്ത്യൻ ഭക്ഷണശാല നടത്തിവരുന്ന മനീഷ് കുമാർ എന്ന പ്രവാസിയാണ് തന്റെ അവസ്ഥ തുറന്ന് പറഞ്ഞത്. ജാപ്പനീസ് ഭാഷയിൽ സംസാരിച്ച അദ്ദേഹം, “30 വർഷമായി ഞാൻ ഇവിടെ ജീവിക്കുന്നു. എന്റെ മക്കൾ ഇവിടെ ജനിച്ചു വളർന്നു. അവർക്ക് ജാപ്പനീസ് മാത്രമേ അറിയൂ. അവരുടെ സുഹൃത്തുക്കളും പഠനവും ജീവിതവുമെല്ലാം ഇവിടെ തന്നെയാണ്. ഇപ്പോൾ പെട്ടെന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ പറയുന്നത് എങ്ങനെ സാധിക്കും?” എന്ന് ചോദിച്ചുകൊണ്ട് വികാരാധീനനാവുന്നത് വീഡിയോയിൽ കാണാം.
പ്രാദേശിക ഭരണകൂടവും ഉപഭോക്താക്കളും വ്യാപാര സംഘടനകളും തനിക്കെപ്പോഴും പിന്തുണ നൽകിയിരുന്നുവെന്നും കഷ്ടപ്പെട്ട് സ്വന്തമായി വീട് വാങ്ങിയ ശേഷമാണ് ഇത്തരമൊരു പ്രതിസന്ധി വന്നതെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി നികുതി അടച്ച് നിയമാനുസൃതമായി ജീവിച്ചിട്ടും ഇപ്പോൾ അനിശ്ചിതത്വത്തിലാണ് കുടുംബമെന്ന് മനീഷ് കുമാർ കൂട്ടിച്ചേർത്തു.
അടുത്തിടെയാണ് ജപ്പാൻ ബിസിനസ് മാനേജർ വിസക്കുളള സാമ്പത്തിക നിബന്ധനകൾ കർശനമാക്കിയത്. ഇതോടെ നിരവധി വിദേശ ചെറുകിട വ്യാപാരികൾ പ്രതിസന്ധിയിലായി. ബിസിനസ് തുടരാൻ ആവശ്യമായ മൂലധനവും വരുമാന മാനദണ്ഡങ്ങളും ഉയർത്തിയതോടെ ചെറിയ റസ്റ്റോറന്റുകളും കുടുംബ വ്യവസായങ്ങളും നടത്തുന്ന പലർക്കും പുതിയ വ്യവസ്ഥകൾ പാലിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
റിപ്പോർട്ടുകൾ പ്രകാരം പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതിന് ശേഷം ബിസിനസ് വിസ അപേക്ഷകളിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 96 ശതമാനം വരെ അപേക്ഷകൾ കുറഞ്ഞുവെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിലവിലുള്ള ബിസിനസ്സ് ഉടമകൾക്ക് പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ജപ്പാൻ സർക്കാർ മൂന്ന് വർഷത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ടെങ്കിലും കോടികളുടെ മൂലധനം കണ്ടെത്തുക എന്നത് ചെറുകിട റെസ്റ്റോറന്റ് ഉടമകൾക്ക് അസാധ്യമാണ്. മനീഷ് കുമാറിന്റെ കേസ് ഒരു തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ വിദേശി വ്യാപാരികൾക്ക് ജപ്പാൻ വിടേണ്ടി വരുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വ്യാജ കമ്പനികൾ ഉണ്ടാക്കി വിദേശികൾ വ്യാപകമായി ജപ്പാനിൽ ദീർഘകാല താമസത്തിനുള്ള എളുപ്പവഴിയായി വിസ ഉപയോഗിക്കുന്നത് തടയുന്നതിനാണ് ജപ്പാൻ ഇത്തരം പരിഷ്കാരങ്ങൾ കൊണ്ടുവന്നത്. ടോക്കിയോ ഇമിഗ്രേഷൻ വിഭാഗം അടുത്തിടെ നടത്തിയ ഓഡിറ്റിങ്ങിൽ, സമർപ്പിക്കപ്പെട്ട ബിസിനസ് മാനേജർ വിസകളിൽ 90 ശതമാനവും വ്യാജമായിരുന്നു എന്ന് കണ്ടെത്തിയിരുന്നു.
സംവിധാനത്തിന്റെ ദുരുപയോഗം തടയാൻ പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് ജാപ്പനീസ് സർക്കാർ പറയുമ്പോഴും വർഷങ്ങളായി ജപ്പാനിൽ പ്രവർത്തിക്കുന്ന നിയമാനുസൃത ചെറുകിട ബിസിനസുകളെ ഈ നടപടികൾ തകർക്കുമെന്ന് പല വിദേശ സംരംഭകരും ഭയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

