യു.കെയിൽ ഇന്ത്യൻ റസ്റ്ററന്റ് മാനേജരുടെ കൊലപാതകം; ഒരാൾ പിടിയിൽ
text_fieldsലണ്ടൻ: യു.കെയിലെ ഇന്ത്യൻ റസ്റ്ററന്റ് മാനേജരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ. 24കാരനെയാണ് പിടികൂടിയത്. ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനമിടിച്ചാണ് റസ്റ്ററന്റ് മാനേജർ മരിച്ചത്.
ഇതുമായി ബന്ധപ്പെട്ട് ഷാസേബ് ഖാലിദ് എന്നയാളാണ് പിടിയിലായത്. ഇയാൾക്കെതിരെ കൊലപാതകകുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ റസ്റ്ററന്റ് മാനേജറായ വിഘ്നേഷ് രാമൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
പ്രതിക്ക് സഹായം നൽകിയെന്ന് സംശയിക്കുന്ന ഏഴ് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരെല്ലാം ഇപ്പോൾ ജാമ്യത്തിലാണ് ഉള്ളത്. അന്വേഷണം പുരോഗമിക്കുകയാണെന്നും മുഴുവൻ പ്രതികളേയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും സീനിയർ ഇൻവസ്റ്റിഗേറ്റീവ് ഓഫീസർ സ്റ്റുവർട്ട് ബ്രാങ്‍വിൻ പറഞ്ഞു.
വിഘ്നേഷ് രാമന്റെ കുടുംബത്തെ സഹായിക്കാനായി ക്രൗഡ് ഫണ്ടിങ്ങിനും തുടക്കം കുറിച്ചിട്ടുണ്ട്. ലണ്ടനിലെ ഹയാത് റീജ്യൻസി ഹോട്ടലിൽ ഷെഫായി ജോലിയിൽ കയറാനിരിക്കെയാണ് വിഘ്നേഷ് രാമൻ കൊല്ലപ്പെട്ടത്.

