'എനിക്ക് വീട്ടീൽ പോകണം, താമസിക്കുന്ന ഹോട്ടലിന് തീവെച്ചു'; നേപ്പാളിലെ ഇന്ത്യൻ എംബസിയോട് സഹായം അഭ്യർഥിച്ച് അവതാരക
text_fieldsകാഠ്മണ്ഡു: നേപ്പാളിലെ അക്രമാസക്ത പ്രതിഷേധങ്ങളിൽ കുടുങ്ങിപ്പോയ അവതാരക ഇന്ത്യൻ എംബസിയോട് സഹായം അഭ്യർഥിക്കുന്ന വിഡിയോ വൈറലാകുന്നു. ഇന്ത്യൻ അവതാരകയായ ഉപാസന ഗിൽ ആണ് ഇന്ത്യൻ എംബസിയോട് സഹായം അഭ്യർഥിച്ചത്.
'എനിക്ക് വീട്ടീൽ പോകണം, താമസിക്കുന്ന ഹോട്ടലിൽ പ്രതീഷേധക്കാർ തീവെച്ചു. ഞാനിപ്പോൾ പൊഖാറയിൽ കുടുങ്ങിക്കിടക്കുകയാണെന്നും കഴിയുന്നിടത്തോളം ആൾക്കാരെ രക്ഷപ്പെടുത്തണം'-എന്നാണ് അവർ പറയുന്നത്.
സ്വതന്ത്ര മാധ്യമപ്രവർത്തകനായ പ്രഫുൽ ഗാർഗാണ് ഇൻസറ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചത്. വനിത വോളിബോൾ ലീഗിന്റെ അവതാരകയായാണ് ഗിൽ നേപ്പാലെത്തിയത്. അവർ താമസിച്ച പൊഖാറയിൽ സരോവർ ഹോട്ടൽ പ്രതിഷേധക്കാർ തീവെക്കുകയായിരുന്നു.
'പ്രതിഷേധക്കാർ ഹോട്ടലിലേക്ക് ഇരച്ചുകയറിയ നേരത്ത് ഞാൻ സ്പായിലായിരുന്നു. ആളുകൾ വടിവാളുമായി തന്‍റെ പിറകേ ഓടി. എല്ലായിടത്തും തീ പടരുകയായിരുന്നു. വിനോദസഞ്ചാരികളെ പോലും അവർ വെറുതേ വിട്ടില്ല. അവിടെ നിന്നു രക്ഷപ്പെട്ടതിന് ശേഷം മറ്റൊരു ഹോട്ടലിൽ അഭയം തേടി. അവിടെ എത്ര നേരം താമസിക്കുമെന്ന് അറിയില്ല' എന്നാണ് വിഡിയോയിലുള്ളത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച മറ്റോരു വിഡിയോയിൽ ഇന്ത്യൻ എംബസി വിശ്വസനീയമായ മറുപടി നൽകിയില്ലെന്നും ഹോട്ടലിൽ തന്നെ തുടരാൻ ആവശ്യപ്പെടുകയാണെന്നും അവർ പറയുന്നുണ്ട്. തനിക്ക് ചുറ്റുമുളള നാശനഷ്ടങ്ങൾ ഉൾപ്പെടുത്തി ഗിൽ ഇൻസ്റ്റഗ്രാമിൽ സ്റ്റോറികൾ പങ്കുവെക്കുന്നുമുണ്ട്.
2024 ഒക്ടോബറിലാണ് വോളിബോൾ ലീഗിന്‍റെ ഔദ്യോഗിക അവതാരകയായി ഗില്ലിനെ തെരഞ്ഞെടുത്തത്. 2025 സെപ്റ്റംബർ 30 ന് കാഠ്മണ്ഡുവിലെ ദശരഥ് സ്റ്റേഡിയത്തിൽ മത്സരം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
നേപ്പാളിൽ സമൂഹ മാധ്യമ വിലക്കിനും അഴിമതിക്കുമെതിരെ നടന്ന പ്രക്ഷോഭത്തിനൊടുവിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും രാജിവെച്ചിരുന്നു. സെപ്റ്റംബർ നാലിനാണ് ഫേസ്ബുക്ക്, വാട്സ്ആപ്, എക്സ് എന്നിവയുൾപ്പെടെ 26 സമൂഹ മാധ്യമങ്ങൾ നേപ്പാൾ സർക്കാർ നിരോധിച്ചത്. ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് രജിസ്റ്റർ ചെയ്യണമെന്ന നിർദേശം പാലിക്കാതിരുന്നതിനാണ് നടപടിയെന്ന് സർക്കാർ പറയുന്നു. വ്യാജ അക്കൗണ്ടുകൾ വഴി ചിലർ വിദ്വേഷ പരാമർശങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുകയാണെന്നും കുറ്റകൃത്യങ്ങൾ നടത്തുകയാണെന്നുമാണ് സർക്കാർ ആരോപണം.
എന്നാൽ, അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാർ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുകയാണെന്ന് പ്രക്ഷോഭകർ ആരോപിച്ചു. പാർലമെന്റിന് സമീപം പ്രഖ്യാപിച്ച കർഫ്യൂ പിന്നീട് പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസുകളും വസതികളും സ്ഥിതി ചെയ്യുന്ന കാഠ്മണ്ഡുവിലെ സിംഗ ദർബാർ പ്രദേശത്തേക്കും വ്യാപിപ്പിക്കുകയായിരുന്നു. രാജ്യത്തിന്റെ ദക്ഷിണ മേഖലയിലെ ബിരാത്നഗർ, ഭരത്പൂർ, ലോകത്തെ 10ാമത്തെ ഉയരംകൂടിയ പർവതമായ പടിഞ്ഞാറൻ നേപ്പാളിലെ അന്നപൂർണ പർവതത്തിലേക്കുള്ള പ്രവേശന കവാടമായ പൊഖാറ എന്നിവിടങ്ങളിലും പ്രക്ഷോഭം അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

