ഇന്ത്യൻ വിദ്യാർഥി യു.എസിൽ മരിച്ച നിലയിൽ; ഈ വർഷത്തെ നാലാമത്തെ കേസ്
text_fieldsന്യൂഡൽഹി: ഇന്ത്യൻ വിദ്യാർഥിയെ യു.എസിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒഹായോ ലിൻഡർ സ്കൂൾ ഓഫ് ബിസിനസ്സിലെ വിദ്യാർഥി ശ്രേയസ് റെഡ്ഡി ബെനിഗറാണ് മരിച്ചത്.
ഈ വർഷം യു.എസിൽ മരിച്ച നിലയിൽ കണ്ടെത്തുന്ന നാലാമത്തെ ഇന്ത്യൻ വിദ്യാർഥിയാണ് ശ്രേയസ്. മരണത്തിനു പിന്നിൽ എന്തെങ്കിലും ദുരൂഹതയോ, വിദ്വേഷ കുറ്റകൃത്യമോ ഉണ്ടാകാനുള്ള സാധ്യത അധികൃതർ തള്ളിക്കളഞ്ഞു. ശ്രേയസിന്‍റെ മരണത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അതിയായ ദുഃഖം രേഖപ്പെടുത്തി.
‘ശ്രേയസിന്‍റെ ദൗർഭാഗ്യകരമായ മരണം അതീവ ദുഃഖമുണ്ടാക്കുന്നതാണ്. പൊലീസ് അന്വേഷിക്കുകയാണ്. സംഭവത്തിൽ എന്തെങ്കിലും തരത്തിലുള്ള ദുരൂഹത ഉള്ളതായി നിലവിൽ സംശയിക്കുന്നില്ല. ശ്രേയസിന്‍റെ വീട്ടുകാർക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തുനൽകും’ -ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് തങ്ങളുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
ശ്രേയസ്സിന്‍റെ രക്ഷിതാക്കൾ ഹൈദരാബാദിലാണ് താമസിക്കുന്നത്. ഈ ആഴ്ച ആദ്യമാണ് ഇന്ത്യൻ വിദ്യാർഥിയായ നീൽ ആചാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പർഡ്യൂ സർവകലാശാലയിലെ വിദ്യാർഥി ആയിരുന്നു നീൽ. ഞായറാഴ്ചയാണ് നീലിനെ കാണാതാകുന്നത്. മകനെ കാണാനില്ലെന്ന് കാണിച്ച് നീലിന്‍റെ അമ്മ സാമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സർവകലാശാല കാമ്പസിൽനിന്ന് മൃതദേഹം കണ്ടെത്തിയത്.
ദിവസങ്ങൾക്കു മുമ്പാണ് ജോർജിയയിൽ എം.ബി.എ വിദ്യാർഥിയായിരുന്ന ഹരിയാന പഞ്ചഗുള സ്വദേശി വിവേക് സെയ്നി കൊല്ലപ്പെട്ടത്. ജനുവരി ആദ്യത്തിൽ മറ്റൊരു വിദ്യാർഥിയായ അകുൽ ധവാനും മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

