ഇന്ത്യൻ വംശജനായ ഇസ്രായേലി സംരംഭകൻ എലിയാഹു ബെസലേൽ അന്തരിച്ചു
text_fieldsജറൂസലം: ഇന്ത്യൻ വംശജനായ സംരംഭകനും കാർഷിക വിദഗ്ധനുമായ എലിയാഹു ബെസലേൽ നിര്യാതനായി. 95 വയസ്സായിരുന്നു. പ്രവാസി ഭാരതീയ സമ്മാൻ ജേതാവാണ്. എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തുനിന്ന് 1955ൽ 25ാമത്തെ വയസ്സിലാണ് ഇദ്ദേഹം ഇസ്രായേലിലേക്ക് പോയത്. പിന്നീടും അദ്ദേഹം ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
പ്രവാസി ഇന്ത്യക്കാർക്ക് നൽകുന്ന പരമോന്നത പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാൻ 2006ലാണ് ഇദ്ദേഹത്തിന് സമ്മാനിച്ചത്. ഇന്ത്യക്കാരനെന്നതിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറയുമായിരുന്നു. ‘തന്റെ മക്കളും ചെറുമക്കളും കൊച്ചിക്കാർ എന്നും ഇന്ത്യക്കാർ എന്നും അഭിമാനത്തോടെയാണ് പറയുന്നത്. എല്ലാ വിശ്വാസങ്ങളോടും സഹിഷ്ണുതയോടെ പെരുമാറുന്ന നാട്ടിൽനിന്നാണ് വരുന്നതെന്നതിൽ അവർ അഭിമാനം കൊണ്ടു. തങ്ങളുടെ പിതാക്കന്മാർക്ക് യാതൊരു ജൂതവിരുദ്ധതയും അവിടെ നേരിടേണ്ടിവന്നിട്ടില്ല’-അദ്ദേഹം ഒരിക്കൽ പറഞ്ഞു.
ഇസ്രായേലിലെ നെഗേവ് മരുഭൂമിയിൽ കൃഷി ഇറക്കിയാണ് എലിയാഹു ബെസലേൽ ഖ്യാതി നേടിയത്. 1964ൽ അന്നത്തെ ഇസ്രായേൽ പ്രധാനമന്ത്രി ലെവി എഷ്ഖോലിൽനിന്ന് മികച്ച കയറ്റുമതിക്കാരനുള്ള അവാർഡ് സ്വീകരിച്ചു. 1994ൽ ഇസ്രായേൽ പാർലമെന്റായ നെസ്സറ്റ്, കാപ്‍ലൻ പുരസ്കാരം സമ്മാനിച്ചു. തെക്കൻ ഇസ്രായേലിലെ ഇദ്ദേഹത്തിന്റെ കൃഷിയിടം മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, മുൻ കൃഷി മന്ത്രി ശരദ്പവാർ, കാർഷിക വിദഗ്ധൻ എം.എസ്. സ്വാമിനാഥൻ തുടങ്ങിയവർ സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

