യു.എസിൽ ഇന്ത്യൻ വംശജയായ ഗൂഗ്ൾ എൻജിനീയറിങ് മേധാവിയെ ഭർത്താവ് വെടിവെച്ചുകൊന്നു; മകനും പരിക്ക്
text_fieldsവാഷിങ്ടൺ: അമേരിക്കയിലെ ജോർജിയയിൽ ഇന്ത്യൻ വംശജയും ഗൂഗ്ളിലെ മുതിർന്ന എൻജിനീയറിങ് മേധാവിയുമായ 57കാരിയെ ഭർത്താവ് വെടിവെച്ച് കൊന്നു. ശീതൾ വ്രെസിയനാണ് വീട്ടിൽവെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദമ്പതികളുടെ 23കാരനായ മകൻ ജേസൺ വ്രെസിയനും വെടിയേറ്റ് പരിക്കേറ്റു. ആക്രമണത്തിൽ ശീതളിന്റെ ഭർത്താവ് കിർക്ക് ബി. വ്രെസിയനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കത്തെ തുടർന്നുണ്ടായ ആക്രമണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ജോർജിയയിലെ അറ്റ്ലാന്റയിൽ ശീതളും ഭർത്താവും മക്കളായ ജേസൺ, ജെസീക്ക എന്നിവർക്കൊപ്പമായിരുന്നു താമസം. കോബ് കൗണ്ടിയിലെ സ്മിർന നഗരത്തിലെ വീട്ടിൽ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. വെടിവെപ്പിനെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വീടിനുള്ളിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ ശീതളിനെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന് പുറത്താണ് ജേസണെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. അടിയന്തര ചികിത്സക്കായി ജേസണെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
സംഭവസ്ഥലത്തുനിന്ന് തന്നെ കിർക്ക് വ്രെസിയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം, ഗുരുതര ആക്രമണക്കുറ്റങ്ങൾ, തോക്ക് കൈവശംവെക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ കോബ് കൗണ്ടി അഡൾട്ട് ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി. വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
രണ്ട് പതിറ്റാണ്ടിലേറെ പ്രവർത്തന പരിചയമുള്ള ശീതൾ വ്രെസിയൻ ഗൂഗ്ളിലെ എൻജിനീയറിങ് ലീഡറായിരുന്നു. അതിന് മുമ്പ് ഹോം ഡിപ്പോയുടെ ഡിജിറ്റൽ, മൊബൈൽ സാങ്കേതിക പദ്ധതികൾക്ക് നേതൃത്വം നൽകിയിരുന്നു. ഇംഗ്ലണ്ട്, ഇന്ത്യ, ഘാന എന്നീ രാജ്യങ്ങളിലായിരുന്നു ബാല്യകാലം. തുടർന്ന് അമേരിക്കയിലെത്തിയ അവർ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടി. ഗൂഗ്ളിലെ ചുമതലകൾക്ക് പുറമെ ജോർജിയ ടെക് കോളജ് ഓഫ് കമ്പ്യൂട്ടിങ്ങിന്റെ അഡ്വൈസറി ബോർഡിലും സർവകലാശാലയുടെ അലുമ്നി അസോസിയേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസിലും അംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

