വിമാനത്തിൽ വെച്ച് രണ്ട് തവണ ഹൃദയാഘാതം; സഹയാത്രികനെ രക്ഷപ്പെടുത്തി ഇന്ത്യൻ വംശജനായ ഡോക്ടർ
text_fieldsവാഷിങ്ടൺ: വിമാനത്തിൽ വെച്ച് ഹൃദയാഘാതം സംഭവിച്ച സഹയാത്രികന് പുനർജൻമം നൽകിയത് ഇന്ത്യൻ വംശജനായി ഡോക്ടർ. 10മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡോ. വിശ്വരാജ് വെമല 43കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത്.
ബിർമിങ്ഹാമിൽ കൺസൽട്ടന്റ് ഹെപറ്റോളജിസ്റ്റ് ആണ് ഡോ. വിശ്വരാജ്. യു.കെയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനത്തിലാണ് യാത്രക്കാരന് ഹൃദയാഘാതം സംഭവിച്ചത്. അമ്മയെയും കൊണ്ട് ബംഗളൂരുവിലേക്ക് വരികയായിരുന്നു ഡോക്ടർ.
സഹയാത്രികരുടെയും വിമാനത്തിലെ മെഡിക്കൽ കിറ്റിന്റെയും സഹായത്തോടെയായിരുന്നു ഡോക്ടറുടെ ചികിത്സ. രണ്ട് തവണ ഹൃദയാഘാതം സംഭവിച്ച യാത്രക്കാരൻ വിമാനത്തിന്റെ സീറ്റിനിടയിലേക്ക് വീഴുകയായിരുന്നു. ഇയാൾക്ക് മുമ്പ് ഹൃദയാഘാതം സംഭവിച്ചിട്ടില്ല.
യാത്രക്കാരന് അടുത്തേക്ക് കുതിച്ചെത്തിയ ഡോക്ടർ എന്തെങ്കിലും മരുന്ന് വിമാനത്തിലുണ്ടോ എന്ന് ജീവനക്കാരോട് ചോദിച്ചു. ഭാഗ്യവശാൽ എമർജൻസി കിറ്റ് സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഡോക്ടറുടെ പരിശ്രമത്തിനു ശേഷം ബോധം വീണ്ടെടുത്ത് ഡോക്ടറുമായി സംസാരിച്ചുകൊണ്ടിരുന്ന യാത്രക്കാരൻ പെട്ടെന്ന് വീണ്ടും ഹൃദയസ്തംഭനത്തിലേക്ക് പോയി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ യാത്രക്കാരനെ ഡോക്ടർ രക്ഷപ്പെടുത്തുകയായിരുന്നു.
എങ്കിലും യാത്രക്കാരന്റെ അവസ്ഥയിൽ ആശങ്ക വർധിച്ചതോടെ, പൈലറ്റ് മുംബൈ എയർപോർട്ടിൽ ലാൻഡിങ്ങിന് ഏർപ്പാട് ചെയ്തു. അവിടെ എമർജൻസി ജോലിക്കാർ ഏറ്റെടുക്കുകയും യാത്രക്കാരനെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.
ജീവിതകാലത്തുടനീളം താനീ സംഭവം ഓർക്കുമെന്ന് ഡോക്ടർ പറഞ്ഞു. മരണത്തിൽ നിന്ന് രക്ഷപ്പെട്ട സഹയാത്രികൻ നിറകണ്ണുകളോടെ ഡോക്ടർക്ക് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

