ജറുസലേമിലെ ഫ്ലാറ്റിൽ ഇന്ത്യക്കാരൻ മരിച്ച നിലയിൽ; ഇസ്രായേൽ പൗരൻ അറസ്റ്റിൽ
text_fieldsജറുസലേം: ഇസ്രായേലിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരനെ ജറുസലേമിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫ്ലാറ്റിന്റെ തറയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു 40കാരന്റെ മൃതദേഹം. ഇന്ത്യൻ എംബസിയോ ഇസ്രായേൽ അധികൃതരെയോ മരിച്ചയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കറ്റമോൺ പരിസരത്തുള്ള ഒരു അപ്പാർട്ട്മെന്റിലാണ് സംഭവം.
പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണെന്ന് വ്യക്തമായതായും മരണകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇസ്രായേൽ അധികൃതർ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 31കാരനായ ഇസ്രായേൽ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ഇസ്രായേലിലെ എയ്ലാത്ത് സ്വദേശിയായ 31കാരനെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്യുകയാണെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ച പൊലീസ് ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി. മരണകാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് ശാസ്ത്രീയ പരിശോധനാ ഫലങ്ങളും കാത്തിരിക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഇന്ത്യൻ പൗരന്റെ മരണവുമായി ബന്ധപ്പെട്ട് ഇസ്രായേലിലെ ഇന്ത്യൻ എംബസിയും പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മരിച്ചയാളുടെ കുടുംബത്തെ വിവരം അറിയിക്കുന്നതിനും ആവശ്യമായ കോൺസുലർ സഹായം ഉറപ്പാക്കുന്നതിനുമുള്ള നടപടികളും പുരോഗമിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്വേഷണം പൂർത്തിയായ ശേഷമേ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് ഇസ്രായേൽ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

