യു.എസിൽ ഇന്ത്യൻ വംശജനായ മാധ്യമപ്രവർത്തകന് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം
text_fieldsവാഷിങ്ടൺ: യു.എസിലെ വാഷിങ്ടൺ ഡി.സിയിൽ ഇന്ത്യൻ എംബസിക്ക് പുറത്ത് നടന്ന ഖലിസ്ഥാൻ അനുകൂല പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇന്ത്യൻ വംശനായ മാധ്യമപ്രവർത്തന് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം. മാധ്യമ പ്രവർത്തകൻ ലളിത് ഝായാണ് ആക്രമണത്തിന് വിധേയനായത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. യു.എസിലെ ഇന്ത്യൻ എംബസി ആക്രമണത്തെ അപലപിച്ചു.
തന്നെ രക്ഷിച്ചതിനും കടമ നിർവ്വഹിക്കാൻ സഹായിച്ചതിനും യു.എസിലെ രഹസ്യാന്വേഷണ സംഘത്തോട് ലളിത് ഝാ ഞായറാഴ്ച നന്ദി പറഞ്ഞു. ഖലിസ്ഥാൻ വാദികൾ തന്റെ ഇടത്തേ ചെവിക്ക് നോക്കി അടിക്കുകയായിരുന്നു. രണ്ട് വടി കൊണ്ട് അടിയേറ്റിട്ടുണ്ടെന്നും ലളിത് ഝാ പറഞ്ഞു.
അക്രമികൾ എത്തിയപ്പോൾ ഭയന്ന് താൻ സഹായത്തിനായി പൊലീസിനെ വിളിക്കുകയും അവർ ഉടൻ സ്ഥലത്തെത്തി തന്നെ വാനിലേക്ക് മാറ്റുകയും ചെയ്തു. ഇല്ലായിരുന്നെങ്കിൽ താൻ ഇൗ പോസ്റ്റ് ആശുപത്രിയിൽ ഇരുന്ന് എഴുതേണ്ടി വരുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തന്നെ മർദിച്ചവർക്കെതിരെ മാധ്യമപ്രവർത്തകൻ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
ഖലിസ്ഥാൻ പതാക വീശിക്കൊണ്ട് എത്തിയ അമൃത്പാലിന്റെ അനുയായികൾ യു.എസ് രഹസ്യാന്വേഷണ സംഘത്തിന് മുന്നിൽ വച്ച് എംബസിക്കെതിരെ മുദ്രാവാക്യമുയർത്തി. അവർ എംബസിയെ ആക്രമിക്കുമെന്നും ഇന്ത്യൻ അംബാസിഡർ തരൺജിത് സിങ് സന്ധുവിനെ ആക്രമിക്കുമെന്നും ഭീഷണിയുയർത്തി. -ലളിത് ഝാ എൻ.എൻ.ഐന്യൂസ് ഏജൻസിയോട് പറഞ്ഞു.
പ്രതിഷേധക്കാർ മൈക്കിലൂടെ ഇന്ത്യ വിരുദ്ധ പ്രസംഗം ഇംഗ്ലീഷിലും പഞ്ചാബിയിലുമായി നടത്തുകയും പഞ്ചാബ് പൊലീസ് മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നുവെന്നും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

