യു.എസിൽ ജോലി നഷ്ടപ്പെട്ട് ഇന്ത്യൻ ഐ.ടി ജീവനക്കാർ പ്രതിസന്ധിയിൽ
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ തൊഴിൽ നഷ്ടപ്പെട്ട് ആയിരക്കണക്കിന് ഇന്ത്യൻ ഐ.ടി പ്രഫഷനലുകൾ. ഗൂഗ്ൾ, മൈക്രോസോഫ്റ്റ്, മെറ്റ, ആമസോൺ തുടങ്ങിയ കമ്പനികൾ ജീവനക്കാരെ വെട്ടിക്കുറച്ചതാണ് ഇവർക്ക് തിരിച്ചടിയായത്.
അവശേഷിക്കുന്ന വിസ കാലാവധിയിൽ പുതിയ ജോലി കണ്ടെത്തൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വെല്ലുവിളിയാണ്. കഴിഞ്ഞ വർഷം നവംബർ മുതൽ രണ്ടുലക്ഷത്തോളം ഐ.ടി പ്രഫഷനലുകൾക്ക് ജോലി നഷ്ടമായതായാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ 30 മുതൽ 40 ശതമാനം വരെ ഇന്ത്യക്കാരാണെന്നാണ് വ്യവസായ വൃത്തങ്ങൾ പറയുന്നത്. വലിയൊരു വിഭാഗം എച്ച് 1ബി, എൽ 1 വിസക്കാരാണ്. സാങ്കേതിക സൈദ്ധാന്തിക രംഗത്ത് വൈദഗ്ധ്യമുള്ള വിദേശികൾക്ക് യു.എസ് നൽകുന്ന നോൺ ഇമിഗ്രന്റ് വിസയാണ് എച്ച് 1ബി. എച്ച്.1 ബി വിസക്കാർക്ക് ജോലി നഷ്ടമായി രണ്ടുമാസത്തിനകം പുതിയ ജോലി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത 10 ദിവസത്തിനകം മടങ്ങേണ്ടിവരും. മാനേജീരിയൽ തസ്തികകളിലും പ്രത്യേക വൈദഗ്ധ്യമാവശ്യമുള്ള തസ്തികകളിലും കമ്പനി മാറ്റത്തിലൂടെ ലഭിക്കുന്ന വിസയാണ് എൽ 1. പുതിയ ജോലി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇവരുടെയും അമേരിക്കയിലെ നിലനിൽപ് പ്രതിസന്ധിയിലാകും.
സാമ്പത്തിക മാന്ദ്യ ഭീഷണിയുള്ളതിനാൽ കമ്പനികൾ പുതിയ നിയമനങ്ങൾ വളരെ കുറച്ചുമാത്രമേ നടത്തുന്നുള്ളൂ. അതുകൊണ്ടുതന്നെ നിരവധി പേർക്ക് സ്വദേശത്തേക്ക് തിരിച്ചുപോരേണ്ടിവരും. സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പ്രവാസി സംഘടനകൾ ഹെൽപ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസവും കുടുംബത്തിന്റെ ജീവിതച്ചെലവുമെല്ലാം പ്രതിസന്ധിയിലാണ്. ജോലി നഷ്ടമായവർ വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കി സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യുമെന്നത് സംബന്ധിച്ച ചർച്ചകളിലാണ്.
സ്പോട്ടിഫൈ ആറ് ശതമാനം ജീവനക്കാരെ ഒഴിവാക്കുന്നു
സ്റ്റോക്ഹോം: സ്വീഡൻ ആസ്ഥാനമായ വൻകിട സംഗീത സ്ഥാപനമായ സ്പോട്ടിഫൈ ജീവനക്കാരെ വെട്ടിക്കുറക്കുന്നു. ആറ് ശതമാനം ജീവനക്കാരെ കുറക്കുമെന്നും ഇവർക്ക് അഞ്ചുമാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകുമെന്നും സി.ഇ.ഒ ഇ.കെ. ഡാനിയർ അറിയിച്ചു. പരസ്യ വരുമാനം കുറഞ്ഞതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്. പിരിച്ചുവിടൽ നോട്ടീസ് കാലയളവിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും നൽകും. ഉള്ളടക്ക, പരസ്യ ബിസിനസ് ഓഫിസർ ഡൗൺ ഓസ്ട്രോഫും പുറത്താക്കപ്പെടുന്നവരിൽ ഉൾപ്പെടുന്നു.
കമ്പനിക്ക് 9800 ജീവനക്കാരാണുള്ളത്. ആഗോള സാമ്പത്തിക രംഗം മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന ഭീതി വൻകിട കമ്പനികളുടെ കൂട്ടപ്പിരിച്ചുവിടൽ സൃഷ്ടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

