യുഎസ് ഗ്രീൻ കാർഡ്: ഇന്ത്യൻ അപേക്ഷകർ കാത്തിരിക്കേണ്ടത് 179 വർഷം; പരിധി നീക്കണമെന്ന് കോൺഗ്രസ് അംഗം
text_fieldsവാഷിങ്ടൺ: യു.എസിലെ തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡിനായുള്ള (എംപ്ലോയ്മെൻറ് അധിഷ്ഠിത വിസ) രാജ്യവ്യാപക ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ്. കോൺഗ്രസ് അംഗം ജോഷ് ഗോട്ട്ഹെയ്മർ. ഇന്ത്യൻ പ്രഫഷണലുകൾക്ക് വിസ ലഭിക്കാൻ പതിറ്റാണ്ടുകളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ നിർദ്ദേശം.
ഉന്നത ബിരുദധാരികളായ ഇന്ത്യൻ പ്രഫഷണലുകൾക്ക് നിലവിൽ ഏകദേശം 13 വർഷം മുമ്പ് (2013ൽ) അപേക്ഷിച്ച കേസുകളിൽ മാത്രമാണ് പരിഗണന ലഭിക്കുന്നത്. ‘എക്സി’ലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഒരു ഗ്രീൻ കാർഡിനായി 179 വർഷം കാത്തിരിക്കേണ്ടി വരുന്നുവെന്ന് ചിന്തിച്ചുനോക്കൂ. അതാണ് ഇന്ത്യൻ ഗ്രീൻ കാർഡ് അപേക്ഷകരുടെ പ്രൊജക്റ്റഡ് കാത്തിരിപ്പ് കാലാവധി’-ന്യൂജേഴ്സി ഡെമോക്രാറ്റായ ജോഷ് ഗോട്ട്ഹെയ്മർ വ്യക്തമാക്കി. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ പെർ-കൺട്രി ക്യാപ്പുകൾ (രാജ്യങ്ങൾ തിരിച്ചുള്ള പരിധി) അവസാനിപ്പിക്കാൻ താൻ വോട്ട് ചെയ്തിട്ടുണ്ടെന്നും, നിയമങ്ങൾ കർശനമായി നടപ്പിലാക്കിക്കൊണ്ട് തന്നെ അമേരിക്കക്കാരുടെ കുടിയേറ്റ മൂല്യങ്ങൾ സംരക്ഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെർജീനിയ ആസ്ഥാനമായുള്ള നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസികഴിഞ്ഞ ആഗസ്റ്റിൽ നടത്തിയ വിശകലനത്തിലാണ് 179 വർഷം എന്ന കണക്ക് പുറത്തുവന്നത്. 2026 ജനുവരിയിലോ അതിനുശേഷമോ അപേക്ഷിക്കുന്ന ഒരു ഇന്ത്യൻ പൗരന് ഉന്നത ബിരുദധാകളായവരുടെ ഇ.ബി-2 വിഭാഗത്തിൽ 179 വർഷവും ഇ.ബി-3 വിഭാഗത്തിൽ 38 വർഷവും കാത്തിരിക്കേണ്ടി വരുമെന്നാണ് എൻ.എഫ്.എപി പറയുന്നത്. സർക്കാരിന്റെ പ്രൊസസ്സിങ് സമയം ഈ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല.
2025 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം, ആദ്യ മൂന്ന് തൊഴിൽ അധിഷ്ഠിത മുൻഗണനാ വിഭാഗങ്ങളിലായി കാത്തിരിക്കുന്ന 1,264,495 പേരിൽ 79 ശതമാനവും (ഏകദേശം 9,96,599 പേർ) ഇന്ത്യക്കാരാണെന്ന് എൻ.എഫ്.എപി കണക്കാക്കുന്നു. യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ അംഗീകൃത അപേക്ഷകരുടെ ഡാറ്റയും പങ്കാളികളുടെയും കുട്ടികളുടെയും കണക്കുകൾ ചേർത്താണ് ഇത് തയ്യാറാക്കിയത്.
കൂടാതെ, കട്ടോ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡേവിഡ് ബീയർ 2023ൽ നടത്തിയ പഠനത്തിൽ, തൊഴിൽ അധിഷ്ഠിത വിഭാഗങ്ങളിലെ മൊത്തം 1.8 ദശലക്ഷം വരുന്ന ബാക്ക്ലോഗിന്റെ 63 ശതമാനവും (ഏകദേശം 1.1 ദശലക്ഷം) ഇന്ത്യക്കാരാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. പുതിയ ഇന്ത്യൻ അപേക്ഷകർക്ക് ഇ.ബി-2, ഇ.ബി-3 വിഭാഗങ്ങളിലായി 134 വർഷത്തെ കാത്തിരിപ്പാണ് അദ്ദേഹം കണക്കാക്കിയത്.
സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഒക്ടോബർ 2026 വിസ ബുള്ളറ്റിൻ പ്രകാരം ഇന്ത്യൻ ഇ.ബി-2 അപേക്ഷകരുടെ അവസാന തീയതി 2013 നവംബർ 1 ആണ്. അതേസമയം, മറ്റ് മിക്ക രാജ്യങ്ങൾക്കും ഇത് 2025 ജനുവരി ഒന്ന് ആണ്.
ഇന്ത്യയുടെ ഇ.ബി-3 തീയതി 2014 ജനുവരി ഒന്ന് ആണ്. മറ്റ് രാജ്യങ്ങൾക്ക് ഇത് 2024 മെയ് 15 ആണ്. 2026 സാമ്പത്തിക വർഷത്തിലെ അവസാന മാസമായ സെപ്റ്റംബറിലെ ബുള്ളറ്റിനിൽ ഇന്ത്യയുടെ ഇ.ബി-2 വിഭാഗം ‘യു’ (വിസ നമ്പറുകൾ അനുവദിച്ചിട്ടില്ല) എന്നാണ് രേഖപ്പെടുത്തിയിരുന്നത്. നവംബർ മാസത്തെ ബുള്ളറ്റിൻ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
ഇമിഗ്രേഷൻ ആൻഡ് നാഷണൽ ആക്ട് സെക്ഷൻ 202 പ്രകാരം, മുൻഗണനാ കുടിയേറ്റക്കാരുടെ രാജ്യവ്യാപക പരിധി എന്നത് കുടുംബം, തൊഴിൽ അധിഷ്ഠിത വാർഷിക പരിധികളുടെ സംയുക്ത കണക്കിന്റെ ഏഴ് ശതമാനമാണ്.
2027 സാമ്പത്തിക വർഷത്തിൽ ഇത് 25,620 ആയിരിക്കുമെന്ന് വ്യക്തമാക്കുന്നു. ആഗോളതലത്തിലുള്ള തൊഴിൽ അധിഷ്ഠിത പരിധി ‘കുറഞ്ഞത് 140,000’ ആയി നിശ്ചയിച്ചിട്ടുണ്ട്. 2019 ജൂലൈയിൽ ഉയർന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്കായുള്ള ഫെയർനസ് ആക്ടിന് അനുകൂലമായി വോട്ട് ചെയ്ത 365 അംഗങ്ങളിൽ ജോഷ് ഗോട്ട്ഹെയ്മറും ഉൾപ്പെടുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

