Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജ വോട്ടർ രജിസ്ട്രേഷൻ: കാലിഫോർണിയയിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 28 ഗ്രീൻ കാർഡ് ഉടമകൾ അറസ്റ്റിൽ

text_fields
bookmark_border
വ്യാജ വോട്ടർ രജിസ്ട്രേഷൻ: കാലിഫോർണിയയിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 28 ഗ്രീൻ കാർഡ് ഉടമകൾ അറസ്റ്റിൽ
cancel

വാഷിങ്ടൺ: അമേരിക്കയിൽ വ്യാജ വോട്ടർ രജിസ്ട്രേഷൻ നടത്തിയെന്നാരോപിച്ച് രണ്ട് ഇന്ത്യൻ പൗരന്മാരടക്കം 28 ഗ്രീൻ കാർഡ് ഉടമകൾക്കെതിരെ യു.എസ് നീതിന്യായ വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. യു.എസ് തെരഞ്ഞെടുപ്പ് കൃത്രിമത്വവും വോട്ടർ രജിസ്ട്രേഷൻ തട്ടിപ്പും തടയാനായി രൂപീകരിച്ച ‘ഓപ്പറേഷൻ പ്രൊട്ടക്ട് ദി വോട്ട്’ പദ്ധതിയുടെ ഭാഗമായാണ് നടപടി. വോട്ടവകാശമില്ലാത്ത വിദേശികൾ വോട്ടർ പട്ടികയിൽ പേര് ചേർക്കുകയും വ്യാജമായി വോട്ട് ചെയ്യുകയും ചെയ്തുവെന്ന ആരോപണത്തിലാണ് ഇവർക്കെതിരെ അന്വേഷണവും അറസ്റ്റും നടന്നിരിക്കുന്നത്.

അമൻദീപ് കൗർ (30), കമലേഷ് നവ്നിത്ലാൽ ഷാ (67) എന്നിവരാണ് കേസിൽ അറസ്റ്റിലായ ഇന്ത്യക്കാർ. ലോസ് ആഞ്ചലസ് കൗണ്ടിയിലെ റാഞ്ചോ പാലോസ് വെർഡെസ് സ്വദേശിയാണ് അമൻദീപ് കൗർ. അമേരിക്കൻ പൗരത്വം നേടുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്ന കൗർ, പൗരത്വം ലഭിക്കുന്നതിന് മുമ്പ് തന്നെ വോട്ടർ രജിസ്ട്രേഷൻ നടത്തിയെന്നാണ് നീതിന്യായ വകുപ്പിന്റെ ആരോപണം. 2022 ഡിസംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിലും 2024 നവംബറിലെ പൊതുതെരഞ്ഞെടുപ്പിലും വോട്ട് ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്തെന്നാണ് കേസ്.

സാക്രമെന്റോ സ്വദേശിയായ കമലേഷ് നവ്നിത്ലാൽ ഷാ 2024ലെ അമേരിക്കൻ തെരഞ്ഞെടുപ്പിൽ വോട്ടർ രജിസ്ട്രേഷൻ നടത്തുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തെന്നാണ് അധികൃതർ ആരോപിക്കുന്നത്. ഇരുവർക്കുമെതിരെ വ്യാജ വോട്ടർ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

രണ്ടുപേർക്കെതിരെയും വെവ്വേറെ ഫെഡറൽ ജില്ലകളിലാണ് കേസെടുത്തിരിക്കുന്നത്. സെൻട്രൽ ഡിസ്ട്രിക്റ്റിൽ കേസ് നേരിടുന്ന അമൻദീപ് കൗറിനെതിരെ പൗരത്വ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയത് ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതിന് പരമാവധി 5 വർഷം വരെ തടവുശിക്ഷ ലഭിക്കാം. എന്നാൽ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള കമലേഷിനെതിരെ താരതമ്യേന വ്യാപ്തി കുറഞ്ഞ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇതിന് പരമാവധി ഒരു വർഷം വരെയാണ് തടവുശിക്ഷ.

നിയമപരമായി യു.എസിൽ സ്ഥിരതാമസത്തിന് അനുമതിയുള്ള ഗ്രീൻ കാർഡ് ഉടമകൾക്ക് അവിടെ വോട്ടവകാശമില്ല. എന്നാൽ ഇവർ വോട്ടർ ഫോമിൽ തങ്ങൾ യു.എസ് പൗരന്മാരാണെന്ന് സത്യപ്രതിജ്ഞ ചെയ്ത് ഒപ്പിട്ടു നൽകുകയായിരുന്നുവെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു

സ്വാഭാവിക പൗരത്വം നേടുന്നതിനായി സമർപ്പിക്കുന്ന അപേക്ഷകളിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന കുറ്റവും മറ്റ് ചില പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അമേരിക്കൻ പൗരന്മാരല്ലാത്തവർ വോട്ടർ പട്ടികയിൽ പേര് ചേർക്കുകയും തെരഞ്ഞെടുപ്പിൽ പങ്കെടുക്കുകയും ചെയ്തെന്ന ആരോപണങ്ങളാണ് കേസുകളുടെ അടിസ്ഥാനം.

കാലിഫോർണിയയിലെ വിവിധ യു.എസ് അറ്റോർണി ഓഫീസുകൾ ചേർന്ന് നടത്തുന്ന ഏകോപിത അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി. 20,000ത്തിലധികം സംശയാസ്പദമായ നോൺ-സിറ്റിസൺ വോട്ടർമാരുടെ പട്ടിക മുൻകൂട്ടി നൽകിയിട്ടും പരിശോധന നടത്താൻ കാലിഫോർണിയൻ അധികൃതർ തയാറായില്ലെന്ന് ആക്ടിങ് ഡെപ്യൂട്ടി അറ്റോർണി ജനറൽ ട്രെന്റ് മക്കോട്ടർ വിമർശിച്ചു. കഴിഞ്ഞ ഏഴ് ആഴ്ചകൾക്കുള്ളിൽ 20 സംസ്ഥാനങ്ങളിലായി സമാന രീതിയിലുള്ള കൃത്രിമത്വത്തിന് 113 പേരെ നീതിന്യായ വകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 2 Indian green card holders arrested in California for alleged fraudulent voter registration, DOJ says
Next Story