ബംഗ്ലാദേശ് ജമാഅത്ത് നേതാവുമായി ഇന്ത്യൻ നയതന്ത്രജ്ഞൻ ചർച്ച നടത്തി?
text_fieldsഡോ. ശഫീഖുർ റഹ്മാൻ
ധാക്ക: ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമി അമീർ ഡോ. ശഫീഖുർറഹ്മാനുമായി ഇന്ത്യൻ നയതന്ത്രജ്ഞൻ ചർച്ച നടത്തിയിരുന്നതായി റിപ്പോർട്ട്. കഴിഞ്ഞദിവസം, മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ഖബറടക്ക ചടങ്ങിൽ വിദേശ കാര്യമന്ത്രി എസ്. ജയ്ശങ്കർ പങ്കെടുത്തതിന് പിന്നാലെയാണ് കഴിഞ്ഞവർഷം നടന്ന രഹസ്യ ചർച്ചയെക്കുറിച്ച റിപ്പോർട്ട് പുറത്തുവന്നത്.
റോയിട്ടേഴ്സ് ആണ് വാർത്ത ആദ്യം പുറത്തുവിട്ടത്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനുമായി ചർച്ച നടത്തിയ കാര്യം ജമാഅത്ത് അമീർ തുറന്നു സമ്മതിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, ഇന്ത്യൻ പ്രതിനിധിയുടെ അഭ്യർഥന കണക്കിലെടുത്താണ് കൂടിക്കാഴ്ച രഹസ്യമാക്കിവെച്ചതെന്നും അമീർ പറഞ്ഞു. വിഷയത്തിൽ, ഇന്ത്യ പ്രതികരിച്ചിട്ടില്ല.
‘‘2025ന്റെ മധ്യത്തിലായിരുന്നു അത്. ചികിത്സ കഴിഞ്ഞ് ഞാൻ വീട്ടിൽ വിശ്രമിക്കുന്ന സമയം. സ്വദേശത്തുനിന്നും വിദേശത്തുനിന്നും നിരവധി പേർ എന്നെ സന്ദർശിച്ചിരുന്നു. അക്കൂട്ടത്തിൽ നയതന്ത്രജ്ഞരുമുണ്ടായിരുന്നു. അതിൽ, രണ്ട് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും എന്റെ വീട്ടിൽ വന്നു. മറ്റുള്ളവരോടെന്നപോലെ അവരുമായും ഞാൻ സംസാരിച്ചു. ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ചർച്ചകളല്ലാതെ മറ്റു വഴികളില്ല’’ -ജമാഅത്ത് അമീർ പറഞ്ഞു.
അതേസമയം, കൂടിക്കാഴ്ചയെ ‘ഇന്ത്യയുമായുള്ള രഹസ്യ ചർച്ച’ എന്ന നിലയിൽ അവതരിപ്പിക്കുന്ന ബംഗ്ലാദേശ് മാധ്യമങ്ങളുടെ നിലപാടിനെ ശഫീഖുർറഹ്മാൻ അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

