ഇന്ത്യൻ ഡെന്‍റൽ വിദ്യാർഥി യു.എസിൽ അജ്ഞാതന്‍റെ വെടിയേറ്റു മരിച്ചു
text_fieldsവാഷിങ്ടൺ: യു.എസിലെ ഡാലസിൽ ഇന്ത്യൻ ഡെന്‍റൽ വിദ്യാർഥി അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോളെയാണ് (27) കൊല്ലപ്പെട്ടത്.
ഗ്യാസ് സ്റ്റേഷനിലെ പാർട്ട് ടൈം ജോലിക്കാരനായിരുന്നു. കഴിഞ്ഞദിവസം രാത്രി ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യവേ അജ്ഞാതനായ തോക്കുധാരി ചന്ദ്രശേഖറിനുനേരെ വെടിയുതിർക്കുകയായിരുന്നു. ഹൈദരാബാദിൽ ഡെന്‍റൽ സർജറിയിൽ ബിരുദ പഠനം പൂർത്തിയാക്കി 2023ലാണ് ഉന്നത പഠനത്തിനായി ചന്ദ്രശേഖർ യു.എസിലേക്ക് പോയത്. ആറു മാസം മുമ്പ് പഠനം പൂർത്തിയാക്കി. സ്ഥിരം ജോലിക്കായി ശ്രമിക്കുന്നതിനിടെയാണ് ഗ്യാസ് സ്റ്റേഷനിൽ പാർട്ട് ടൈമായി ജോലിയിൽ പ്രവേശിച്ചത്. മകന്റെ മൃതദേഹം യു.എസിൽ നിന്ന് നാട്ടിലെത്തിക്കാൻ വിദ്യാർഥിയുടെ കുടുംബം സർക്കാറിന്റെ സഹായം തേടി.
ബി.ആർ.എസ് എം.എൽ.എ സുധീർ റെഡ്ഡി, മുൻ മന്ത്രി ടി. ഹരീഷ് റാവു എന്നിവർ ഹൈദരാബാദിലെ വിദ്യാർഥിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. ദാരുണമായ സംഭവമാണ് ഉണ്ടായതെന്നും വിദ്യാർഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഹരീഷ് റാവു ആവശ്യപ്പെട്ടു. വലിയ ഉയരങ്ങളിൽ എത്തുമെന്ന് അവർ വിശ്വസിച്ചിരുന്ന മകൻ ഇനി ഇല്ലെന്ന് അറിഞ്ഞപ്പോൾ മാതാപിതാക്കൾക്കുണ്ടായ വേദന ഹൃദയം തകർക്കുന്നതാണെന്ന് റാവു സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഒരുമാസം മുമ്പ് ഡാലസിൽ തന്നെ കര്‍ണാടക സ്വദേശിയും ഹോട്ടൽ ജീവനക്കാരനുമായ ചന്ദ്രമൗലി നാഗമല്ലയ്യയെ വാളുകൊണ്ട് തലയറുത്ത് കൊലപ്പെടുത്തിയിരുന്നു. നാഗമല്ലയ്യയുടെ ഭാര്യയുടെയും മകന്റെയും മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. കേസിൽ ഹോട്ടലിലെ തന്നെ ജീവനക്കാരനായ യോര്‍ദാനിസ് കോബോസ് മാര്‍ട്ടിനെസിനെ (37) പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

