Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാനുമായുള്ള എണ്ണക്കടത്തിന് കൂട്ടുനിന്നുവെന്ന്​; ഇന്ത്യൻ ദമ്പതികൾക്ക് അമേരിക്കൻ ഉപരോധം

text_fields
bookmark_border
ഇറാനുമായുള്ള എണ്ണക്കടത്തിന് കൂട്ടുനിന്നുവെന്ന്​; ഇന്ത്യൻ ദമ്പതികൾക്ക് അമേരിക്കൻ ഉപരോധം
cancel

വാഷിങ്ടൺ: ഇറാനുമേലുള്ള എണ്ണവ്യാപാര ഉപരോധം മറികടക്കാൻ സഹായിച്ചുവെന്നാരോപിച്ച് ഇന്ത്യയിലും തുർക്കിയയിലുമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ പുതിയ ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് ട്രഷറി വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇറാൻ യുദ്ധവും ഇത് അമേരിക്കയിൽ വിലക്കയറ്റത്തിന് കാരണമാകുന്നതുമായ സാഹചര്യത്തിൽ ഡെമോക്രാറ്റുകൾ ഇടക്കാല തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി കോൺഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നീക്കം.

ഇറാന്റെ എണ്ണക്കച്ചവടം തടയുക വഴി യു.എസിനും ഇസ്രായേലിനുമെതിരെയുള്ള യുദ്ധത്തിന് ഫണ്ട് കണ്ടെത്താനുള്ള അവരുടെ ശേഷി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ട്രംപ് ഭരണകൂടത്തിന്റെ ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ഉപരോധങ്ങൾ. ഇറാനിയൻ സർക്കാരിനെ പിന്തുണക്കുന്ന ആരെയും വെറുതെവിടില്ലെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി.

ഇന്ത്യയിൽ ചണ്ഡിഗഢ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സുനിൽ കുമാർ ശർമ്മയും ഭാര്യ ജസ്പ്രീത് പ്രീതി ഷാഹിദുമാണ് ഉപരോധത്തിന് ഇരയായ പ്രധാന വ്യക്തികൾ. ഇവരുടെ രണ്ട് ബിസിനസുകൾക്ക് നേതൃത്വം നൽകുന്ന മറ്റ് രണ്ട് ഇന്ത്യൻ പൗരന്മാരെയും ശർമ്മയുമായി ബന്ധപ്പെട്ട മറ്റ് ഒമ്പത് സ്ഥാപനങ്ങളെയും യു.എസ് ട്രഷറി വകുപ്പ് ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇറാന്റെ ‘ഷാഡോ ഫ്ളീറ്റിനെ’ (രഹസ്യ കപ്പൽവ്യൂഹം) ഇവർ സഹായിച്ചെന്നാണ് ട്രഷറി വകുപ്പിന്റെ ആരോപണം.

‘ഇറാൻ സൈന്യത്തിനും അവരുടെ പ്രോക്സികൾക്കും വേണ്ടി പ്രവർത്തിക്കുന്ന കപ്പലുകൾ ഉൾപ്പെടെ, ഇറാനിയൻ പെട്രോളിയം കൊണ്ടുപോകുന്ന ഉപരോധിത കപ്പലുകൾക്ക് വ്യാജ പതാകകളും സർട്ടിഫിക്കറ്റുകളും ഇവരുടെ സംഘം നൽകിയിട്ടുണ്ട്’- ട്രഷറി വകുപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.

വ്യാജ പതാകകളും സർട്ടിഫിക്കറ്റുകളും ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കപ്പലുകൾ അന്താരാഷ്ട്ര സുരക്ഷാ-പാരിസ്ഥിതിക ചട്ടങ്ങളെല്ലാം ലംഘിക്കുന്നു. കൂടാതെ ഇത്തരം കപ്പലുകൾക്ക് യാതൊരുവിധ തേർഡ് പാർട്ടി ഇൻഷുറൻസുമുണ്ടാകില്ല. ഇത് ഈ കപ്പലുകൾ പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ പ്രാദേശിക സമുദ്രമേഖലയിൽ കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കാൻ ഇടയാക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഇതിനുപുറമേ, ഇറാന്റെ ഉപരോധിക്കപ്പെട്ട വ്യോമയാന മേഖലക്ക് നിരന്തര പിന്തുണ നൽകിയ തുർക്കിയ ആസ്ഥാനമായുള്ള ‘ഫുഗോ ഗ്രൗണ്ട് സർവീസസ്’ കമ്പനിക്കും അമേരിക്ക ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്.

തങ്ങളെ പിന്തുണക്കാത്തവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷവും ഇറാനുമായുള്ള സാമ്പത്തിക യുദ്ധത്തിൽ നിന്ന് പിന്മാറാൻ ട്രംപ് ഭരണകൂടം തയ്യാറല്ലെന്ന ശക്തമായ സന്ദേശമാണ് ഈ ഉപരോധം നൽകുന്നതെന്ന് ഒബ്‌സിഡിയൻ റിസ്ക് അഡ്വൈസർമാരുടെ മാനേജിങ് പ്രിൻസിപ്പൽ ബ്രെറ്റ് എറിക്സൺ റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് പറഞ്ഞു.

ഉപരോധത്തിനുള്ള കാരണങ്ങൾ

ഗയാന, ഇസ്വാതിനി, ലാവോസ് തുടങ്ങിയ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് തെറ്റായ അവകാശവാദമുന്നയിച്ച് ശർമ്മയും ഷാഹിദും കപ്പലുകൾക്ക് പതാകകളും സർട്ടിഫിക്കറ്റുകളും നൽകിയതായി ട്രഷറി വകുപ്പ് അറിയിച്ചു. ഇറാനിയൻ സൈന്യത്തിന്റെയും പ്രോക്സികളുടെയും കപ്പലുകൾക്ക് അന്താരാഷ്ട്ര നിയന്ത്രണങ്ങൾ മറികടന്ന് പ്രവർത്തനം തുടരാൻ ഇത് സഹായകമായി.

ഇതുവഴി ഗയാന ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ പേരിൽ പതാകകൾ അനുവദിക്കൽ, നാവിക പരിശീലനം, സർട്ടിഫിക്കേഷൻ, വെസൽ ക്ലാസിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾ നൽകുന്നുവെന്ന് കാണിച്ച് ശർമ്മയുടെ നെറ്റ് വർക്ക് വ്യാജ വെബ് ഡൊമെയ്നുകളും വെബ്‌സൈറ്റുകളും നിർമ്മിച്ചിരുന്നു. വ്യാജ ഫ്ലാഗിങ് രജിസ്ട്രികൾ സ്ഥാപിക്കാൻ ഇന്ത്യ കേന്ദ്രീകരിച്ചുള്ള ഒരു ശൃംഖലയും ഈ ദമ്പതികൾ നിയന്ത്രിച്ചിരുന്നു. ഈ സ്ഥാപനങ്ങളെയും ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തുർക്കിയ കമ്പനിയായ ഫുഗോ ഗ്രൗണ്ട് സർവീസസ് ആകട്ടെ, ഇറാൻ എയർ ടൂർ, സാഹ എയർലൈൻസ്, തബാൻ എയർലൈൻസ്, അതാ എയർലൈൻസ് തുടങ്ങിയ അമേരിക്കയുടെ ഉപരോധത്തിലുള്ള ഇറാനിയൻ എയർലൈനുകൾക്ക് ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകിവരികയായിരുന്നുവെന്ന് ട്രഷറി വകുപ്പ് വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian couple sanctioned over Iran oil smuggling
Next Story