190 കോടി സംഭാവന നൽകി; അമേരിക്കൻ യൂനിവേഴ്സിറ്റിക്ക് ഇനി ഇന്ത്യൻ വംശജരുടെ പേര്
text_fieldsവാഷിങ്ടൺ: അമേരിക്കയിലെ പ്രമുഖ വിദ്യഭ്യാസ സ്ഥാപനമായ യൂനിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സാസിന് 190 കോടി രൂപ സംഭാവന നൽകി ഇന്ത്യൻ വംശജരായ എൻജിനീയർ ദമ്പതികൾ. പ്രമുഖ സാങ്കേതിക കമ്പനിയായ ബ്രോഡ്കോമിന്റെ വൈസ് പ്രസിഡന്റ് വികാസ് സിൻഹയും ഭാര്യ അനുരാധ സിൻഹയുമാണ് ഈ വലിയ തുക സംഭാവനയായി നൽകിയത്. ഇതേത്തുടർന്ന്, ഈ പുതിയ സ്ഥാപനത്തിന് ‘അനുരാധ ആൻഡ് വികാസ് സിൻഹ കോളജ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് അഡ്വാൻസ്ഡ് അനലിറ്റിക്സ്’ എന്ന് നാമകരണം ചെയ്യുമെന്ന് സർവകലാശാല ഔദ്യോഗികമായി അറിയിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , അഡ്വാൻസ്ഡ് അനലിറ്റിക്സ് എന്നിവക്കായുള്ള ഒരു പുതിയ കോളജ് സ്ഥാപിക്കുന്നതിനായാണ് ഈ വലിയ തുക കൈമാറിയത്. മാറിയ തൊഴിൽ വിപണിക്ക് അനുസൃതമായി വിദ്യാർഥികളെ പ്രാപ്തരാക്കാനും, നൂതന ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാനും ഈ തുക ഉപയോഗിക്കുമെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റ് അറിയിച്ചു.
ഉത്തർപ്രദേശിലെ ശ്രീ വെങ്കിടേശ്വര യൂനിവേഴ്സിറ്റിയിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷമാണ് ഇരുവരും ഉപരിപഠനത്തിനായി അമേരിക്കയിലേക്കെത്തിയത്. ഫ്ലോറിഡ അറ്റ്ലാന്റിക് യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വികാസ് സിൻഹ, യൂനിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സാസിൽനിന്ന് പിഎച്ച്ഡിയും കരസ്ഥമാക്കി. തങ്ങളുടെ ജീവിതത്തിൽ വിജയത്തിന്റെ വാതിലുകൾ തുറന്നത് വിദ്യാഭ്യാസമാണെന്നും, അതുകൊണ്ട് തന്നെ ആ വാതിലുകൾ മറ്റുള്ളവർക്കായി തുറന്നിടാൻ ആഗ്രഹിക്കുന്നുവെന്നും ഇവർ വ്യക്തമാക്കി.
പുതിയതായി ആരംഭിക്കുന്ന ഈ കോളജ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഡാറ്റാ സയൻസ്, ഹെൽത്ത് ഇൻഫോമാറ്റിക്സ്, ലേണിങ് ടെക്നോളജീസ് തുടങ്ങിയ അത്യാധുനിക മേഖലകളിലെ ഒരു പ്രധാന ഗവേഷണ ഹബ്ബായി മാറും. വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളും മികച്ച ഗവേഷണ സൗകര്യങ്ങളും ഉറപ്പാക്കാൻ ആറ് സ്ഥിരം എൻഡോവ്‌മെന്റുകൾ ഈ തുക ഉപയോഗിച്ച് സ്ഥാപിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

