ചെങ്കടലിൽ ഇന്ത്യൻ കപ്പലിനു നേരെ ആക്രമണം; ഇന്ത്യക്കാർ ഉൾപ്പെടെ 14 ജീവനക്കാരെ രക്ഷപ്പെടുത്തി
text_fieldsപ്രതീകാത്മക ചിത്രം
സൻആ: യമൻ തീരത്ത് ചെങ്കടലിൽ ഇന്ത്യൻ പതാകയേന്തിയ വാണിജ്യ കപ്പലിനുനേരെ ആക്രമണം, കപ്പൽ തകർന്നു കടലിൽ മുങ്ങി. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാളാണ് വിവരം പുറത്തുവിട്ടത്. യാതൊരു പ്രകോപനവുമില്ലാതെ സിവിലിയൻ കപ്പലിന് നേരെ നടന്ന ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. 13 ഇന്ത്യക്കാരടക്കം കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെയും യമൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി മോഖ തുറമുഖത്ത് എത്തിച്ചു.
'എം.എസ്.വി ഫൈസ് നൂറെ ഒലിയ' എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ കപ്പൽ തലകീഴായി മറിഞ്ഞ് കടലിൽ മുങ്ങുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ബാബുൽ-മന്ദബിൽ ഹുദൈദയിൽ നിന്ന് 13 നോട്ടിക്കൽ മൈൽ അകലെ യമൻ ചാവേർ ബോട്ട് ഉപയോഗിച്ചാണ് കപ്പൽ തകർത്തത്. ചെങ്കടലിൽ ഒരു ഇന്ത്യൻ കപ്പലിനു നേരെ ഉണ്ടാകുന്ന ആദ്യത്തെ ആക്രമണമാണിത്. സൗദി എണ്ണയുമായി പോകുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.
സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും കടുത്ത ആശങ്കയും പ്രതിഷേധവും അറിയിച്ചു. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള കപ്പലുകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്ന ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. റിയാദിലെ ഇന്ത്യൻ എംബസി യെമൻ അധികാരികളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കാര്യങ്ങൾ സജീവമായി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, കൃത്യസമയത്ത് ഇടപെട്ട് ജീവനക്കാരെ രക്ഷപ്പെടുത്തിയ യമൻ അധികാരികൾക്ക് ഇന്ത്യ നന്ദി അറിയിക്കുകയും ചെയ്തു.
രാജ്യത്തെ നാവികരുടെയും പൗരന്മാരുടെയും സുരക്ഷക്കാണ് സർക്കാർ എപ്പോഴും മുൻഗണന നൽകുന്നതെന്ന് മന്ത്രി സർബാനന്ദ സോനോവാളും വ്യക്തമാക്കി. മേഖലയിലെ ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കാനും രക്ഷപ്പെടുത്തിയ ജീവനക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാനും മാരിടൈം അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറലിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
യൂറോപ്പിനെയും ഏഷ്യയെയും സൂയസ് കനാൽ വഴി ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും തിരക്കേറിയ ചരക്കുനീക്ക പാതകളിലൊന്നാണ് ചെങ്കടൽ. എന്നാൽ, യമൻ തീരങ്ങൾക്കും പ്രത്യേകിച്ച് ബാബുൽ-മന്ദബ് കടലിടുക്കിനും സമീപമുള്ള പ്രദേശങ്ങൾ ഇപ്പോൾ കടുത്ത സുരക്ഷാ ഭീഷണിയിലാണ്. ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ചരക്കുകപ്പലുകൾ ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതിനാൽ ഈ മേഖലയിലൂടെയുള്ള യാത്ര ഏറെ അപകടകരമായി മാറിയിരിക്കുകയാണ്. സംഘർഷാവസ്ഥ കാരണം പല ഷിപ്പിങ് കമ്പനികളും കപ്പലുകൾ ആഫ്രിക്കൻ തീരത്തേക്ക് വഴിതിരിച്ചുവിടാൻ നിർബന്ധിതരായിട്ടുണ്ട്. ഇത് ചരക്കുനീക്ക ചെലവും ഇൻഷുറൻസ് തുകയും വർധിപ്പിച്ചതോടൊപ്പം, അന്താരാഷ്ട്ര നാവിക സേനകൾ ഈ സുപ്രധാന സമുദ്രപാതയിൽ പട്രോളിങ് ശക്തമാക്കാനും കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

