പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ചൂഷണം ചെയ്ത ആഗോള നെറ്റ്‍വർക്കിന് പിന്നിൽ ഇന്ത്യൻ യുവാവ്; ഫ്രാൻസിൽ രഹസ്യ വിചാരണ തുടങ്ങി
text_fieldsപാരിസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഓൺലൈൻ വഴി ലൈംഗികമായി ചൂഷണം ചെയ്യുകയും ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്ത നവനാസി സംഘത്തിന്റെ തലവനായ ഇന്ത്യൻ യുവാവിന്റെ വിചാരണ ഫ്രാൻസിൽ രഹസ്യമായി ആരംഭിച്ചു. 29കാരനായ രോഹൻ സന്ദീപ് റാനെയാണ് പ്രതിപ്പട്ടികയിലുള്ളത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഇയാൾക്ക് ജീവപര്യന്തം തടവ് ലഭിച്ചേക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
അമേരിക്ക, നെതർലൻഡ്സ്, ബ്രിട്ടൻ, എസ്തോണിയ തുടങ്ങിയ രാജ്യങ്ങളിലെ കടുത്ത മാനസിക പ്രശ്നങ്ങളുള്ളവരും മുൻപ് ചൂഷണത്തിന് ഇരയായിട്ടുള്ളവരുമായ പെൺകുട്ടികളാണ് ഈ സംഘത്തിന്റെ ലക്ഷ്യവലയത്തിൽ അകപ്പെട്ടത്. നവനാസിസവും ശൂന്യതാവാദവും പീഡോഫീലിയയും മുഖമുദ്രയാക്കിയ ‘സി.വി.എൽ.ടി’ എന്ന ഓൺലൈൻ സംഘത്തിന്റെ തലവനാണ് രോഹൻ റാനെയെന്ന് അന്വേഷണ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു.
പഠനത്തിനായി ഫ്രാൻസിലെത്തിയ ഇയാൾ പിന്നീട് ഫിറ്റ്നസ് ട്രെയിനറായി ജോലി ചെയ്തുവരികയായിരുന്നു. 2021ലാണ് ഇയാൾ അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള അതിക്രമങ്ങൾ, ക്രൂരമായ പീഡനം, കുട്ടികളുടെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ കോടതി രേഖകൾ പ്രകാരം അതീവ ക്രൂരമായ പീഡനങ്ങളാണ് ഇരകൾ നേരിട്ടത്. ഡിസ്കോർഡ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴി കുട്ടികളെ ബന്ധപ്പെടുന്ന സംഘം, നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയും അവ സുഹൃത്തുക്കൾക്കും കുടുംബത്തിനും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി വരുതിയിലാക്കുകയുമായിരുന്നു പതിവ്.
ഇരകളായ പെൺകുട്ടികളെ സ്വന്തം മുടി മുറിച്ച് തിന്നാനും, മൂത്രം കുടിക്കാനും, സ്വന്തം ശരീരത്തിൽ റേസർ ബ്ലേഡ് ഉപയോഗിച്ച് പ്രതികളുടെ പേരുകളും നാസി ചിഹ്നങ്ങളും കൊത്താനും സംഘം നിർബന്ധിച്ചു. ലൈംഗിക ചുവയുള്ള ദൃശ്യങ്ങൾ നിർമിക്കാൻ ഇരകളെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായും, തത്സമയ സംപ്രേക്ഷണത്തിലൂടെ ആത്മഹത്യ ചെയ്യാൻ വരെ ഇവർ സമ്മർദ്ദം ചെലുത്തിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
അമേരിക്കൻ അധികൃതരുടെ അഭ്യർഥന പ്രകാരമാണ് രോഹന്റെ വിചാരണ അടച്ചിട്ട മുറിയിൽ നടക്കുന്നത്. സംഘം സാക്ഷികളെയും ഇരകളെയും ഭീഷണിപ്പെടുത്താൻ ശ്രമിച്ചതായും യു.എസ് പ്രോസിക്യൂട്ടർമാർക്കെതിരെ പോലും ഭീഷണി മുഴക്കിയിരുന്നതായും ഫ്രഞ്ച് കോടതി വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളിൽ ഒരാളായ കാലെബ് ക്രിസ്ഫർ മെറിറ്റ് അമേരിക്കയിൽ സമാനമായ കുറ്റകൃത്യങ്ങൾക്ക് ഇതിനകം 50 വർഷത്തെ തടവ് ശിക്ഷ അനുഭവിച്ചു വരികയാണ്. വെള്ളിയാഴ്ച വരെയാണ് ഈ വിചാരണ നടപടികൾ തുടരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

