Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എൻ ചർച്ചകളിൽ നിന്ന് ഇന്ത്യയെ മനഃപൂർവം ഒഴിവാക്കി; തുർക്കിക്കെതിരെ രൂക്ഷ വിമർശനം

text_fields
bookmark_border
news
cancel
camera_alt

യോജന പട്ടേൽ 

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയും ഇസ്‌ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനും (ഒഐസി) തമ്മിലുള്ള സഹകരണം സംബന്ധിച്ച പ്രമേയത്തിൽ നടന്ന ചർച്ചകളിൽ നിന്ന് ഇന്ത്യയെയും മറ്റ് ചില അംഗരാജ്യങ്ങളെയും മനഃപൂർവം ഒഴിവാക്കിയെന്നാരോപിച്ച് തുർക്കിക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. ചർച്ചകളിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയത് 'വ്യക്തവും മനഃപൂർവവുമായ നടപടിയാണെന്ന്' ഇന്ത്യ കുറ്റപ്പെടുത്തി. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു.

തിങ്കളാഴ്ച യു.എൻ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ ഇന്ത്യ എതിർത്ത് വോട്ട് ചെയ്തു. 112 രാജ്യങ്ങൾ അനുകൂലിച്ചും ആറ് രാജ്യങ്ങൾ എതിർത്തും 39 രാജ്യങ്ങൾ വിട്ടുനിന്നുമാണ് പ്രമേയം പാസാക്കിയത്. അർമേനിയ, സൈപ്രസ്, ഗ്രീസ്, ഇസ്രായേൽ, അമേരിക്ക എന്നീ രാജ്യങ്ങളും പ്രമേയത്തെ എതിർത്തു. ഇറാഖാണ് പ്രമേയം അവതരിപ്പിച്ചത്. തുർക്കിയായിരുന്നു ചർച്ചകൾക്ക് നേതൃത്വം നൽകിയത്.

പ്രമേയത്തിന്റെ വിവിധ കരടുകൾ വിതരണം ചെയ്തപ്പോൾ ഇന്ത്യയുടെ പ്രതിനിധി സംഘത്തെയും മറ്റ് ചില രാജ്യങ്ങളെയും ഒ.ഐ.സിയുടെ സ്ഥിരം നിരീക്ഷക ദൗത്യം ഒഴിവാക്കിയതായി യു.എന്നിലെ ഇന്ത്യയുടെ ഡെപ്യൂട്ടി പെർമനന്റ് പ്രതിനിധി അംബാസഡർ യോജന പട്ടേൽ പറഞ്ഞു. പ്രമേയത്തിന്റെ ഉള്ളടക്കത്തോടുള്ള വിയോജിപ്പിനൊപ്പം ചർച്ചകൾ നടത്തിയ രീതിയിലുള്ള വീഴ്ചകളും ഇന്ത്യയുടെ എതിർപ്പിന് കാരണമായെന്ന് അവർ വ്യക്തമാക്കി.

ചില രാജ്യങ്ങളെ മാത്രം ഒഴിവാക്കി തങ്ങളുടെ താൽപര്യങ്ങൾ നടപ്പാക്കാനുള്ള നീക്കം തെറ്റായ കീഴ്‌വഴക്കത്തിന് വഴിയൊരുക്കുമെന്ന് പട്ടേൽ പറഞ്ഞു. ചർച്ചകളുടെ തുടർന്നുള്ള ഘട്ടങ്ങളിലും ചില രാജ്യങ്ങൾ എതിർപ്പ് അറിയിച്ചിട്ടും അവരെ ഉൾപ്പെടുത്താൻ തുർക്കി തയാറായില്ല. അംഗരാജ്യങ്ങൾ മുന്നോട്ടുവെച്ച നിർദേശങ്ങൾ പരിഗണിക്കുന്നതടക്കമുള്ള അടിസ്ഥാന നടപടിക്രമങ്ങൾ പോലും അവഗണിക്കപ്പെട്ടു. ഇത് അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും ആസൂത്രിതമായ നടപടിയാണെന്നും അവർ ആരോപിച്ചു.

പരമാധികാര രാജ്യങ്ങളുടെ തുല്യത, എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം, ബഹുരാഷ്ട്ര സഹകരണം എന്നിവയാണ് യു.എന്നിന്റെ അടിസ്ഥാന തത്വങ്ങൾ. അംഗരാജ്യങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ ചർച്ചകളിൽ നിന്ന് ചില രാജ്യങ്ങളെ ഒഴിവാക്കാനാകില്ലെന്ന് പട്ടേൽ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ ഇടപെടണമെന്നും ഇന്ത്യ യു.എൻ പൊതുസഭാ അധ്യക്ഷനോട് ആവശ്യപ്പെട്ടു.

ജൂലൈയിൽ ഇസ്‌ലാമാബാദിൽ നടന്ന ഒ.ഐ.സി വനിതാ മന്ത്രിതല സമ്മേളനത്തിന്റെ പ്രഖ്യാപനത്തിൽ ജമ്മു കശ്മീരിനെക്കുറിച്ചുള്ള പരാമർശത്തിലും ഇന്ത്യ എതിർപ്പ് അറിയിച്ചു. സമ്മേളനത്തിൽ അംഗീകരിച്ച പ്രഖ്യാപനവും അനുബന്ധ പ്രമേയവും ഇന്ത്യ തള്ളിക്കളയുന്നതായി പട്ടേൽ വ്യക്തമാക്കി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഒ.ഐ.സിക്ക് അധികാരമില്ലെന്നും അവർ പറഞ്ഞു.

പാകിസ്താനെ പരോക്ഷമായി വിമർശിച്ച ഇന്ത്യ, ഒരു അംഗരാജ്യം വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കാൻ ഒ.ഐ.സി പ്രമേയങ്ങളെയും പ്രഖ്യാപനങ്ങളെയും ഉപയോഗിക്കുകയാണെന്നും കുറ്റപ്പെടുത്തി. 57 അംഗങ്ങളുള്ള ഒ.ഐ.സിയുടെ സ്ഥാപക അംഗവും പ്രധാന പങ്കാളിയുമാണ് പാകിസ്താൻ.

ചർച്ചകളിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെതിരെ സൈപ്രസും ഗ്രീസും രംഗത്തെത്തി. ചർച്ചകളിൽ സുതാര്യതയും എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനവും ഉണ്ടായില്ലെന്ന് ഇരുരാജ്യങ്ങളും ആരോപിച്ചു. അതേസമയം, ഭാവിയിൽ അവതരിപ്പിക്കുന്ന ഒ.ഐ.സി പ്രമേയങ്ങളിൽ അനാവശ്യവും ആവർത്തനപരവുമായ പരാമർശങ്ങളും വിവാദ വിഷയങ്ങളും ഒഴിവാക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.

നടപടിക്രമങ്ങളിലെയും പ്രമേയത്തിന്റെ ഉള്ളടക്കത്തിലെയും വീഴ്ചകൾ ചൂണ്ടിക്കാട്ടി ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ എതിർപ്പ് അറിയിച്ചെങ്കിലും യു.എൻ പൊതുസഭയിൽ പ്രമേയം പാസായി. ചർച്ചകളിൽ നിന്ന് അംഗരാജ്യങ്ങളെ ഒഴിവാക്കിയ സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India intentionally excluded from UN discussions; sharp criticism against Turkey
Next Story