ഇന്ത്യ-യു.എസ് വ്യാപാര കരാർ അന്തിമ ഘട്ടത്തിലേക്ക്
text_fieldsന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാർ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളുടെ 99 ശതമാനവും പൂർത്തിയായതായും ചില നിർണായക വിഷയങ്ങളിൽ മാത്രമാണ് തീരുമാനമാകാനുള്ളതെന്നും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.
കരാർ സംബന്ധിച്ച ചർച്ചകൾക്കായി യു.എസ് ചീഫ് ട്രേഡ് നെഗോഷ്യേറ്റർ ബ്രണ്ടൻ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ഡൽഹിയിലെത്തിയിട്ടുണ്ട്. ജൂൺ രണ്ടു മുതൽ നാലുവരെ നടക്കുന്ന ഈ ചർച്ചകളോടെ ഇടക്കാല വ്യാപാര കരാർ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോറും കരാറിൽ ഇരുരാജ്യങ്ങളും ഉടൻ ഒപ്പുവെക്കുമെന്ന സൂചന നൽകിയിട്ടുണ്ട്. നിലവിലുള്ള 10 ശതമാനം ബേസ്ലൈൻ താരിഫ് സംവിധാനം ജൂലൈ 24-ഓടെ അവസാനിക്കുകയാണ്. അതിനുമുമ്പ് കരാർ അന്തിമമാക്കുകയാണെങ്കിൽ, യു.എസ് ട്രേഡ് ആക്ട് പ്രകാരമുള്ള പുതിയ നികുതികളിൽ നിന്ന് ഇന്ത്യക്ക് ഇളവ് ലഭിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.
അതേസമയം, അമേരിക്ക മുന്നോട്ട് വെക്കുന്ന ചില നിബന്ധനകൾ ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. യു.എസിന്റെ ഉപരോധങ്ങൾ അവഗണിച്ച് ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനോട് അമേരിക്കക്ക് വിയോജിപ്പുണ്ട്. റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കുമേൽ 25 ശതമാനം അധിക നികുതി ചുമത്തണമെന്ന നിർദേശം അമേരിക്ക മുന്നോട്ടുവെച്ചിരുന്നു. കൂടാതെ, കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങളും ഇന്ത്യക്കുമേൽ വലിയ സമ്മർദം ചെലുത്തുന്നുണ്ട്. യു.എസിൽ നിന്നുള്ള വൈൻ, സോയാബീൻ ഓയിൽ, പഴങ്ങൾ തുടങ്ങിയ കാർഷിക ഉൽപന്നങ്ങളുടെ നികുതി ഇന്ത്യ കുറക്കണമെന്നാണ് യു.എസ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

