മോദി ട്രംപിനെ വിളിച്ചില്ല; അതുകൊണ്ടാണ് ഇന്ത്യ-യു.എസ് വ്യാപാര കരാർ നടക്കാത്തത് -യു.എസ് വാണിജ്യ സെക്രട്ടറി
text_fieldsവാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിളിക്കാത്തതു കൊണ്ടാണ് ഇന്ത്യ-യു.എസ് വ്യാപാര കരാർ നടക്കാത്തതെന്ന് യു.എസ് വാണിജ്യ സെക്രട്ടറി ഹൊവാഡ് ലുട്നിക്. മാസങ്ങളായി ചർച്ചകൾ നടന്നുവരുന്ന ഇന്ത്യ-യു.എസ് വ്യാപാര കരാർ ഇതുവരെയും കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. കാർഷിക വിപണിയിൽ യുഎസിന് കൂടുതൽ മേധാവിത്വം നൽകാൻ ഇന്ത്യ വിമുഖത കാണിച്ചതിനെ തുടർന്നാണ് ചർച്ചകൾ പരാജയപ്പെട്ടുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, ട്രംപിന്റെ അഹങ്കാരത്തെ പ്രധാനമന്ത്രി മോദി കൈകാര്യം ചെയ്യാത്തതാണ് ഏറ്റവും വലിയ തടസമെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.
ഇന്ത്യ-യു.എസ് വ്യാപാര കരാർ അവസാനിപ്പിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളെ കുറിച്ച് ഇനി ചർച്ച ചെയ്തിട്ട് കാര്യമില്ലെനും ലുട്നിക് വെളിപ്പെടുത്തി. ഇരുവരും വ്യാപാര കരാറിൽ ധാരണയിലെത്തിയിരുന്നു. എന്നാൽ പിന്നീട് ആ വ്യാപാര കരാറിൽ നിന്ന് യു.എസ് പിൻമാറി. തങ്ങൾ ഇനി അതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുടെ സമീപനത്തെ യു.കെയുമായി ലുട്നിക് താരതമ്യം ചെയ്തു. കരാറിന്റെ സമയപരിധി അടുത്തപ്പോൾ യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ട്രംപിനെ നേരിട്ടു വിളിക്കുകയായിരുന്നു. അതോടെ ആ പ്രശ്നം അവസാനിക്കുകയും ചെയ്തു. അതേസമയം, ഇന്ത്യയുമായി ചർച്ചക്ക് ഇപ്പോഴും വാതിൽ തുറന്നുകിടക്കുകയായിരുന്നുവെന്നും ലുട്നിക് പറഞ്ഞു. ഇന്ത്യ അത് പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എപ്പോഴാണ് ഈ സംഭവവികാസങ്ങൾ നടന്നതെന്ന് ലുട്നിക് പരാമർശിച്ചില്ല. ന്യൂയോർക്ക് ടൈംസും ഒരു ജർമൻ പത്രവും നൽകിയ റിപ്പോർട്ടുകളിൽ ജൂലൈയിൽ ട്രംപ് മോദിയെ നാല് തവണ വിളിച്ചതായി അവകാശപ്പെട്ടിരുന്നു. എന്നാൽ മോദി ട്രംപുമായി സംസാരിക്കാൻ തയാറായില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിനെ തുടർന്ന് ട്രംപ് ഇന്ത്യക്കുമേൽ 25ശതമാനം അധിക തീരുവ ചുമത്തിയതിനെ തുടർന്നാണ് ഇന്ത്യ-യു.എസ് ബന്ധത്തിൽ വിള്ളൽ വീണത്.
ഓപറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യ-പാക് വെടിനിർത്തലിന് മധ്യസ്ഥം വഹിച്ചത് താനാണെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നുവെങ്കിലും ഇക്കാര്യം ഇന്ത്യ നിഷേധിച്ചിരുന്നു. കൂടാതെ ട്രംപിന്റെ സമാധാന നൊബേൽ നേടാനുള്ള ശ്രമങ്ങളെ ഇന്ത്യ പിന്തുണക്കുകയും ചെയ്തില്ല. ഒടുവിൽ കഴിഞ്ഞ സെപ്റ്റംബർ 17ന് ട്രംപ് മോദിയെ വിളിച്ച് ജൻമദിനാശംസ നേർന്നു. അതിൽ പിന്നെ ഇരുനേതാക്കളും രണ്ടുതവണ സംസാരിച്ചു. ദീപാവലി ദിനത്തിലും ഡിസംബറിലും നടന്ന ചർച്ചയിൽ വ്യാപാര കരാർ തന്നെയായിരുന്നു മുഖ്യ അജണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

