ഇന്ത്യ-യു.എസ് വ്യാപാര കരാർ: അമേരിക്കൻ സംഘം ഇന്ത്യയിൽ
text_fieldsജയ്പൂർ: അമേരിക്കയുമായി ഉഭയകക്ഷി വ്യാപാര കരാറിനുള്ള ചർച്ച പുരോഗമിക്കുകയാണെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. ചർച്ചകൾക്കായി അമേരിക്കൻ സംഘം ന്യൂഡൽഹിയിൽ എത്തിയിട്ടുണ്ട്. അമേരിക്കൻ സംഘവുമായി താൻ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രണ്ടുദിവസത്തെ ചർച്ചകൾക്കായാണ് യു.എസ് വ്യാപാര ഉപപ്രതിനിധി റിക്ക് സ്വിറ്റ്സറുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യയിൽ എത്തിയത്. വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാളുമായാണ് സംഘം ചർച്ച നടത്തുക. വ്യാപാര കരാറിനുള്ള ചർച്ചക്ക് നേതൃത്വം നൽകുന്ന അസിസ്റ്റന്റ് യു.എസ് വ്യാപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ചും, ഇന്ത്യൻ സംഘത്തിന് നേതൃത്വം നൽകുന്ന വാണിജ്യ മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി ദർപൻ ജെയിനും കൂടിക്കാഴ്ച നടത്തും.
ഇന്ത്യക്ക് 25 ശതമാനം തീരുവയും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് 25 ശതമാനം പിഴത്തീരുവയും ചുമത്തിയ ശേഷം വ്യാപാര ചർച്ചകൾക്കായി അമേരിക്കൻ സംഘത്തിെന്റ രണ്ടാമത്തെ വരവാണ് ഇത്.
ഒമാൻ, ന്യൂസിലൻഡ് എന്നിവയുമായി സ്വതന്ത്ര വ്യാപാര കരാറുകൾക്കുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും പീയൂഷ് ഗോയൽ പറഞ്ഞു. ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയുമായുള്ള വ്യാപാര ചർച്ചകളും ഉടൻ പൂർത്തിയാകും. ചർച്ചകൾക്കായി ന്യൂസിലൻഡ് വ്യാപാര മന്ത്രി ടോഡ് മക് ക്ലേ വെള്ളിയാഴ്ച ഇന്ത്യയിൽ എത്തും.
ഇസ്രായേലുമായി വ്യാപാര കരാറിനുള്ള ചർച്ചയും പുരോഗമിക്കുന്നുണ്ട്. അടുത്തിടെ, പീയൂഷ് ഗോയലും ഇസ്രായേൽ സാമ്പത്തിക, വാണിജ്യ മന്ത്രി നിർ ബർക്കത്തും കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

