ഇന്ത്യ-യു.എസ് തർക്കം; വ്യാപാര കരാറായില്ല
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നേരിൽ വിളിച്ച് ഉറപ്പിക്കാത്തതുകൊണ്ടാണ് ഇന്ത്യ-യു.എസ് വ്യാപാര കരാർ നടക്കാതെപോയതെന്ന് യു.എസ്. ഈ ആരോപണം പൂർണമായും ശരിയല്ലെന്നും 2025ൽ എട്ടുതവണ ഇന്ത്യൻ പ്രധാനമന്ത്രി യു.എസ് പ്രസിഡന്റിനെ വിളിച്ച് വിവിധ വിഷയങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും ഇന്ത്യ പ്രതികരിച്ചു.
വ്യാപാര കരാർ ഉറപ്പിക്കുന്നതിന് നരേന്ദ്ര മോദി വ്യക്തിപരമായി ഡോണൾഡ് ട്രംപിനെ വിളിച്ചിട്ടില്ലെന്ന് സമ്മതിക്കുന്ന വിദേശ മന്ത്രാലയം കൂടുതൽ മേഖലകളിലേക്ക് വ്യാപാര കരാർ വ്യാപിപ്പിക്കുന്നതിനുള്ള സമ്മർദ തന്ത്രങ്ങളാണ് യു.എസ് പയറ്റുന്നതെന്ന സൂചന നൽകി.
‘‘സർ, താങ്കളെ ഒന്നു കാണാൻ പറ്റുമോ’’ എന്ന് നരേന്ദ്ര മോദി തന്നോട് കൂടിക്കാഴ്ചക്കായി അഭ്യർഥിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശ വാദം വലിയ ചർച്ചക്കും ട്രോളുകൾക്കും വഴിവെച്ചതിനിടയിലാണ് വ്യാപാര കരാർ ഉറപ്പിക്കാനായി മോദി ട്രംപിനെ ഒന്ന് വിളിച്ചില്ലെന്നും അതുകൊണ്ടാണ് കരാർ ഇനിയും യാഥാർഥ്യമാകാത്തതെന്നും യു.എസ് വാണിജ്യ സെക്രട്ടറി ഹവാർഡ് ലുട്നിക് പ്രസ്താവിച്ചത്.
യു.എസുമായുള്ള വ്യാപാര ചർച്ചയുടെ സ്വഭാവം സംബന്ധിച്ച് യു.എസ് വാണിജ്യ സെക്രട്ടറി ഹവാർഡ് ലുട്നിക് നടത്തിയ അഭിപ്രായപ്രകടനം കൃത്യമല്ല എന്ന് വിദേശകാര്യ വക്താവ് പറഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരി 13ന് തുടങ്ങിയ ഇന്ത്യ-യു.എസ് വ്യാപാര ചർച്ച തുടരുകയാണ്.
റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി തുടർന്നാൽ ഇന്ത്യക്കുമേൽ തീരുവ വർധിപ്പിക്കാനിടയാക്കുന്ന യു.എസ് ബിൽ ഒരു സമ്മർദ തന്ത്രമായിട്ടാണ് ഇന്ത്യ കാണുന്നത്. ഇക്കാര്യം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ജയ്സ്വാൾ പറഞ്ഞു. സർ എന്ന് ട്രംപിനെ അഭിസംബോധന ചെയ്ത് ട്രംപിനെ കാണാൻ പറ്റുമോ എന്ന് നരേന്ദ്ര മോദി അഭ്യർഥിച്ചോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇരു രാഷ്ട്ര നേതാക്കളും പരസ്പരം ആദരവോടെയാണ് സംസാരിക്കാറുള്ളതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വാർത്തസമ്മേളനത്തിൽ മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

