ആസിയാൻ ഉച്ചകോടി: ബ്രഹ്മോസിനപ്പുറം ഫിലിപ്പീൻസുമായി പ്രതിരോധ സഹകരണം ആഴത്തിലാക്കാൻ ഇന്ത്യ
text_fieldsഫോട്ടോ കടപ്പാട് ഡെക്കാൻ ഹെറാൾഡ്
ന്യൂഡൽഹി: ബ്രഹ്മോസ് മിസൈൽ ഇടപാടിനപ്പുറത്തേക്ക് ഫിലിപ്പീൻസുമായുള്ള പ്രതിരോധ സഹകരണം വ്യാപിപ്പിക്കാൻ ഇന്ത്യ. ഫിലിപ്പീൻസിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിനെ അറിയിക്കും. ചൊവ്വാഴ്ച നടക്കുന്ന ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയിൽ പ്രതിരോധ സഹകരണം പ്രധാന ചർച്ചാവിഷയമാകും.
ദക്ഷിണ ചൈനാക്കടലിൽ ചൈനയും ഫിലിപ്പീൻസും തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ സഹായത്തോടെ സൈനിക ശേഷി ശക്തിപ്പെടുത്താൻ മനില ഒരുങ്ങുന്നത്. സ്കാർബറോ ഷോൾ, സെക്കൻഡ് തോമസ് ഷോൾ തുടങ്ങിയ തർക്കപ്രദേശങ്ങളിൽ ഇരുരാജ്യങ്ങളുടെയും കപ്പലുകൾ തമ്മിൽ നിരന്തരം ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്.
2022ൽ 375 ദശലക്ഷം ഡോളറിന്റെ കരാറിലൂടെയാണ് ഫിലിപ്പീൻസ് ഇന്ത്യയിൽനിന്ന് ബ്രഹ്മോസ് മിസൈൽ സംവിധാനം വാങ്ങിയത്. മൂന്ന് തീരദേശ അധിഷ്ഠിത മിസൈൽ ബാറ്ററികൾക്കായുള്ള കരാറായിരുന്നു ഇത്. ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കുന്ന ആദ്യ വിദേശ രാജ്യമായി ഇതോടെ ഫിലിപ്പീൻസ് മാറി.
ഇപ്പോൾ കൂടുതൽ മിസൈലുകൾ വാങ്ങുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഏകദേശം അഞ്ച് അധിക മിസൈൽ സംവിധാനങ്ങളും 60ഓളം മിസൈലുകളും ഉൾപ്പെടുന്ന 700–800 ദശലക്ഷം ഡോളറിന്റെ കരാറാണ് പരിഗണനയിലുള്ളത്. ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ ആകാശ് വ്യോമപ്രതിരോധ മിസൈൽ സംവിധാനം ഫിലിപ്പീൻസിന് നൽകുന്നതിനുള്ള സാധ്യതയും ചർച്ചയിലുണ്ട്. റോക്കറ്റ് പീരങ്കി സംവിധാനങ്ങൾ, പ്രതിരോധ സാങ്കേതികവിദ്യ, സംയുക്ത ഉൽപ്പാദനം തുടങ്ങിയ മേഖലകളിലും സഹകരണം വ്യാപിപ്പിക്കാനാണ് നീക്കം.
ഉപഗ്രഹ സാങ്കേതികവിദ്യ, ബഹിരാകാശ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ എന്നിവയിലും ഇന്ത്യയുടെ സഹായം തേടാൻ ഫിലിപ്പീൻസ് താൽപര്യപ്പെടുന്നുണ്ട്. 2025ൽ രൂപപ്പെടുത്തിയ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ഭാഗമായി സമുദ്ര നിരീക്ഷണം, നാവികസേന-തീരസംരക്ഷണ സേനാ സഹകരണം, രഹസ്യാന്വേഷണ വിവരങ്ങളുടെ കൈമാറ്റം തുടങ്ങിയ മേഖലകളിലും ബന്ധം ശക്തിപ്പെടുത്തും. മൂന്ന് സൈനിക വിഭാഗങ്ങളും തമ്മിലുള്ള സഹകരണവും സംയുക്ത സമുദ്രാഭ്യാസങ്ങളിലെ പങ്കാളിത്തവും വർധിപ്പിക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം.
അതേസമയം, ആസിയാൻ ഉച്ചകോടിയിലും കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി തിങ്കളാഴ്ചയാണ് മനിലയിലെത്തിയത്. ചൊവ്വാഴ്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചി എന്നിവർക്കൊപ്പം ക്വാഡ് ഉച്ചകോടിയിലും മോദി പങ്കെടുക്കും.
ദക്ഷിണ ചൈനാക്കടലിലെ തർക്കമാണ് ചൈനയും ഫിലിപ്പീൻസും തമ്മിലുള്ള ബന്ധത്തിൽ പ്രധാന സംഘർഷകാരണമായി തുടരുന്നത്. 2016ൽ ഹേഗിലെ അന്താരാഷ്ട്ര മധ്യസ്ഥ ട്രൈബ്യൂണൽ ചൈനയുടെ വ്യാപകമായ സമുദ്രാവകാശ വാദങ്ങൾക്ക് നിയമപരമായ അടിസ്ഥാനമില്ലെന്ന് വിധിച്ചിരുന്നു. ഫിലിപ്പീൻസിന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ അവകാശങ്ങളും കോടതി ശരിവെച്ചു. എന്നാൽ ചൈന വിധി അംഗീകരിച്ചിട്ടില്ല.
2026 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ചൈനീസ് നാവികസേനയും തീരസംരക്ഷണ സേനയും സമുദ്ര മിലീഷ്യയും ഫിലിപ്പീൻസിന്റെ ചരക്കുനീക്കങ്ങളും വൈദ്യസഹായ വിതരണവും തടസ്സപ്പെടുത്തിയിരുന്നു. ഇതോടെ മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമായി. ഈ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള പ്രതിരോധ പങ്കാളിത്തം ഫിലിപ്പീൻസിന് കൂടുതൽ നിർണായകമാകുകയാണ്.

