'ക്യൂബയ്ക്കെതിരായ യു.എസ് ഉപരോധം പിൻവലിക്കണം'; യു.എന്നിൽ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ
text_fieldsയുനൈറ്റഡ് നാഷൻസ്: ക്യൂബക്കെതിരെ യു.എസ് ഏർപ്പെടുത്തിയ സാമ്പത്തിക, വ്യാപാര, ധനകാര്യ ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭ പൊതുസഭയുടെ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തു. ക്യൂബയുടെ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് തടസ്സമായി നിൽക്കുന്ന ഉപരോധം എത്രയും വേഗം പിൻവലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
193 അംഗങ്ങളുള്ള യു.എൻ പൊതുസഭ ബുധനാഴ്ചയാണ് പ്രമേയം അംഗീകരിച്ചത്. 130 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 17 രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തു. 25 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെയും ജനങ്ങളുടെ പുരോഗതിയെയും ക്ഷേമത്തെയും പ്രതികൂലമായി ബാധിക്കുന്ന, അതിർത്തിക്കപ്പുറത്തും പ്രാബല്യം ചെലുത്തുന്ന നിയമങ്ങളും നിയന്ത്രണങ്ങളും അംഗീകരിക്കാനാവില്ലെന്ന നിലപാട് പൊതുസഭ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സംഘത്തിലെ കൗൺസിലർ സൗമ്യ നായർ പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിനും അന്താരാഷ്ട്ര നിയമങ്ങൾക്കും അനുസൃതമായി ഇത്തരം നിയമങ്ങളും നടപടികളും നടപ്പാക്കുന്നതിൽനിന്ന് രാജ്യങ്ങൾ വിട്ടുനിൽക്കണം. നിലവിലുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാനും അസാധുവാക്കാനും ബന്ധപ്പെട്ട രാജ്യങ്ങൾ തയാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ബഹുരാഷ്ട്ര സഹകരണത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത സംഭാഷണത്തിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും അന്താരാഷ്ട്ര പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്ന വിശ്വാസത്തിൽ അധിഷ്ഠിതമാണെന്നും സൗമ്യ നായർ വ്യക്തമാക്കി.

