ഇന്ധനക്ഷാമം രൂക്ഷം; ബംഗ്ലാദേശിലേക്ക് 47 ലക്ഷം ലിറ്റർ ഡീസൽ അയച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: വൻ ഇന്ധനക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ബംഗ്ലാദേശിന് താങ്ങായി ഇന്ത്യ. ഇരുരാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന 'ഇന്ത്യ-ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് പൈപ്പ്‌ലൈൻ' വഴി ഏകദേശം 47 ലക്ഷം ലിറ്റർ ഡീസലാണ് ഇന്ത്യ ബംഗ്ലാദേശിലേക്ക് എത്തിച്ചത്. ബംഗ്ലാദേശിലെ ദിനാജ്പൂരിലുള്ള പർബതിപൂർ ടെർമിനൽ ഡിപ്പോയിലാണ് ഈ വൻ ഇന്ധനശേഖരം എത്തിയത്. ഈ പൈപ്പ്‌ലൈൻ വഴിയുള്ള 72-ാമത് ഇന്ധന കൈമാറ്റമാണിത്. സെപ്റ്റംബർ 13-ന് രാവിലെ ആരംഭിച്ച ഡീസൽ കൈമാറ്റം സെപ്റ്റംബർ 15-നാണ് പൂർത്തിയായതെന്ന് റെയിൽ ഡിപ്പോ അധികൃതർ അറിയിച്ചു.
2018-ൽ ഒപ്പിട്ട ഉഭയകക്ഷി കരാർ പ്രകാരം 15 വർഷത്തിനുള്ളിൽ 20 ലക്ഷം ടൺ ഡീസൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ ഇരു രാജ്യങ്ങളും തീരുമാനമെടുത്തിരുന്നു. 2023 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേർന്ന് ഉദ്ഘാടനം ചെയ്ത ഈ പൈപ്പ്‌ലൈൻ വഴി ഇതുവരെ 3.3 ലക്ഷത്തിലധികം ടൺ ഡീസൽ ബംഗ്ലാദേശിലേക്ക് അയച്ചിട്ടുണ്ട്.
പ്രതിവർഷം 10 ലക്ഷം മെട്രിക് ടൺ ഡീസൽ കടത്തിവിടാൻ ശേഷിയുള്ളതാണ് ഈ പൈപ്പ്‌ലൈൻ ശൃംഖല. അസമിൽ നിന്ന് പശ്ചിമ ബംഗാളിലെ സിലിഗുരി മാർക്കറ്റിങ് ടെർമിനൽ വഴി ബംഗ്ലാദേശിലെ പർബതിപൂരിലേക്ക് നീളുന്ന ഈ പൈപ്പ്‌ലൈൻ ശൃംഖലക്ക് ആകെ 131.5 കിലോമീറ്റർ നീളമുണ്ട്. ഇതിൽ 126.57 കിലോമീറ്റർ ഭാഗം ബംഗ്ലാദേശ് അതിർത്തിക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.
ഊർജ്ജ മേഖലയിലെ ഈ ശക്തമായ സഹകരണം ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധത്തിന്റെ സുപ്രധാന അടയാളമായി മാറിയിരിക്കുകയാണ്. മധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ സംഘർഷം കാരണം ആഗോളതലത്തിൽ ഇന്ധന വിപണിയിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ അടിയന്തര സഹായം ബംഗ്ലാദേശിന് വലിയ ആശ്വാസമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

