ഇന്ത്യ-റഷ്യ എണ്ണ ഇടപാട് യു.എസ് ഉപരോധ ലംഘനമല്ല-വൈറ്റ് ഹൗസ്
text_fieldsവാഷിങ്ടൺ: റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനം യു.എസ് ഏർപ്പെടുത്തിയ ഉപരോധത്തിന്റെ ലംഘനമാവില്ലെങ്കിലും ഇന്ത്യയുടെ നടപടി തെറ്റായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി. ഇന്ത്യ റഷ്യക്കൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അധിനിവേശത്തേയും അനുകൂലിക്കണം. എങ്കിൽ അത് വിനാശകരമായ പ്രത്യാഘാതമായിരിക്കും ഉണ്ടാക്കുകയെന്നും സാക്കി മുന്നറിയിപ്പ് നൽകി.
ഒരു രാജ്യത്തിനെതിരെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അതുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും വാർത്ത സമ്മേളനത്തിൽ ജെൻ സാക്കി കൂട്ടിച്ചേർത്തു. അതേസമയം, പുറത്തുവരുന്ന റിപ്പോർട്ട് ശരിയാണെങ്കിൽ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഈ നിമിഷത്തിൽ ഇന്ത്യ റഷ്യക്കൊപ്പമാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് ഇന്ത്യൻ-അമേരിക്കൻ കോൺഗ്രസ് വക്താവ് അമി ബേറ പറഞ്ഞു. ലോകം മുഴുവൻ യുക്രെയ്നൊപ്പം നിൽക്കുമ്പോൾ റഷ്യയുടെ അധിനിവേശത്തെ അംഗീകരിക്കുകയാണ് അവരുമായുള്ള എണ്ണ ഇടപാടിലൂടെ ചെയ്യുന്നത്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിലും ക്വാദ് രാഷ്ട്രങ്ങളുടെ നേതൃസ്ഥാനത്തുള്ള രാജ്യമെന്ന നിലയിലും റഷ്യയുടെ അധിനിവേശത്തെ പിന്തുണക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത ഇന്ത്യക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.