Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി പൊലീസ് നടപടിയിൽ യു.എന്നിൽ ആശങ്ക ഉയർന്നതിനെതിരെ ഇന്ത്യ; രാജ്യത്തെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം, മനുഷ്യാവകാശങ്ങളെ ആയുധമാക്കരുത്

text_fields
bookmark_border
ഡൽഹി പൊലീസ് നടപടിയിൽ യു.എന്നിൽ ആശങ്ക ഉയർന്നതിനെതിരെ ഇന്ത്യ; രാജ്യത്തെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം, മനുഷ്യാവകാശങ്ങളെ ആയുധമാക്കരുത്
cancel

ന്യൂഡൽഹി: യുവജന- വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരെ ഡൽഹി പൊലീസ് സ്വീകരിക്കുന്ന അടിച്ചമർത്തൽ നടപടികൾ അവസാനിപ്പിക്കണമെന്ന യു.എൻ മനുഷ്യാവകാശ വിഭാഗത്തിന്റെ അഭ്യർഥനക്കെതിരെ ഇന്ത്യ. സ്ഥിരീകരിക്കാത്ത ആരോപണങ്ങളും അപൂർണമായ സ്ഥിതിവിവരക്കണക്കുകളും ഉപയോഗിച്ച് രാജ്യത്തെ "മോശമായി ചിത്രീകരിക്കാനുള്ള" ശ്രമങ്ങളാണിതെന്ന് ഇന്ത്യ ആരോപിച്ചു. മനുഷ്യാവകാശങ്ങളെ രാഷ്ട്രീയ സമ്മർദ്ദത്തിനോ തിരഞ്ഞുപിടിച്ചുള്ള ആക്രമണത്തിനോ ഉള്ള ഉപകരണമാക്കരുതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി ബർഖ തമ്രകർ അഭ്യർഥിച്ചു.

ഇന്ത്യയിൽ പ്രതിപക്ഷ -വിദ്യാർഥി- യുവജന സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ അധികൃതർ അമിത ബലപ്രയോഗം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഏജൻസികൾ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ രംഗത്തെത്ത് എത്തിയത്.

അന്താരാഷ്ട്ര മനുഷ്യാവകാശ സംവിധാനങ്ങളുമായി ഇന്ത്യ സഹകരിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ബർഖ തമ്രകർ ഇത്തരം ഇടപെടലുകൾ സംഭാഷണം, കൂടിയാലോചന, പക്ഷപാതമില്ലായ്മയോടും സുതാര്യതയോടും കൂടിയ സഹകരണം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും ആവശ്യപ്പെട്ടു.

റിപ്പോർട്ട് വിശ്വസ്തതയോടെ ഉദ്ധരിക്കാക്കണം. മാനുഷിക ആശയവിനിമയത്തെ ഒരു വിധിന്യായമായി ചിത്രീകരിക്കരുത്. കൃത്യമായി രേഖപ്പെടുത്തിയ നിർദ്ദിഷ്ട കേസുകളിൽ സ്ഥാപിത മാർഗ്ഗങ്ങളിലൂടെ വ്യക്തത വരുത്താൻ ഇന്ത്യ തയ്യാറാണ്, എന്നാൽ “സ്ഥിരീകരിക്കാത്ത ആരോപണങ്ങളോ, അപൂർണ്ണമായ സ്ഥിതിവിവരക്കണക്കുകളോ, ഇന്ത്യയെക്കുറിച്ചുള്ള നിരീക്ഷണങ്ങളൊന്നും ഉൾപ്പെടാത്ത ഒരു റിപ്പോർട്ടോ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മോശമായി ചിത്രീകരിക്കാനുള്ള ഏത് ശ്രമത്തെയും ഇന്ത്യ ഔദ്യോഗികമായി എതിർക്കുന്നു എന്നും അവർ പറഞ്ഞു.

ചൊവ്വാഴ്ച ജനീവയിലുള്ള ഇരുപതിലധികം യുഎൻ മനുഷ്യാവകാശ വിദഗ്ദ്ധർ, ഡൽഹിയിൽ സമാധാനപരമായ സമരങ്ങൾക്ക് നേരെ "തുടർച്ചയായി ഉണ്ടായ കടുത്ത പൊലീസ് നടപടിയിൽ" ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്രതിഷേധങ്ങൾക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നീതി ഉറപ്പാക്കാൻ അവർ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിൽ വൻതോതിലുള്ള പ്രതിഷേധങ്ങൾക്ക് മുമ്പും സമയത്തും "പ്രതിഷേധക്കാർ, പ്രതിഷേധ നേതാക്കൾ, സിവിൽ സൊസൈറ്റി സംഘടനാ അംഗങ്ങൾ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ എന്നിവരെ കൂട്ടത്തോടെ തടങ്കലിൽ വച്ചതായുള്ള റിപ്പോർട്ടുകളിൽ" യുഎൻ ഹ്യൂമൻ റൈറ്റ്സ് ഓഫീസ് ഓഫ് ദി ഹൈ കമ്മീഷണർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് യു.എൻ സ്വതന്ത്ര വിദഗ്ധർ ഇന്ത്യയിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ആശങ്കകൾ ഉന്നയിച്ചത്.പ്രതിഷേധങ്ങൾ സമാധാനപരമായിരുന്നിട്ടും, വിദ്യാർഥികൾക്ക് നേരെ നിയമപാലകർ 'ലാത്തിച്ചാർജ്' ഉൾപ്പെടെയുള്ള ബലപ്രയോഗം നടത്തുകയും ആയിരക്കണക്കിന് ആളുകളെ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയുകയുമായിരുന്നുവെന്ന് യു.എൻ വിദഗ്ധർ പറഞ്ഞു. അധികാരികൾ അമിതബലപ്രയോഗം ഉടൻ അവസാനിപ്പിക്കണമെന്നും, പൊതുയോഗങ്ങൾക്കുമേലുള്ള നിരോധനം പിൻവലിക്കണമെന്നും, ബയോമെട്രിക്സ്, ഇന്റർനെറ്റ് വിച്ഛേദിക്കൽ തുടങ്ങിയ ഡിജിറ്റൽ നിരീക്ഷണങ്ങൾ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെയും എസ്.​ഐ.ആറിലെ ക്രമക്കേടുകളെയും ചൂണ്ടിക്കാട്ടിയാണ് കോ​ക്രോച്ച് ജനത പാർട്ടി, ഐസ, പ്രതിപക്ഷ പാർട്ടികൾ എന്നിവർ പ്രതിഷേധമാരംഭിച്ചത്. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരത്തിൽ നിന്നും പ്രതിഷേധക്കാരെയും നേതാക്കളെയും തടങ്കലിലാക്കിയും ലാത്തിച്ചാർജ് ചെയ്തും നേരിട്ടതിനെതിരെ ഇന്ത്യയിൽ നിന്നും വലിയ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് യു.എന്നിന്റെ മനുഷ്യാവകാശ വിദഗ്ധർ രംഗത്ത് വരുന്നത്. അതേസമയം ഇന്ത്യയിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര വിമർശനങ്ങൾ കേന്ദ്ര സർക്കാർ നേരത്തെയും തള്ളിക്കളഞ്ഞിട്ടുണ്ട്. ഇത്തരം പരാമർശങ്ങൾ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്നാണ് ഇന്ത്യയുടെ നിലപാട്. ഈ മാസം ആദ്യം നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വൻതോതിലുള്ള കൂട്ടത്തടവുകളിൽ യുഎൻ മനുഷ്യാവകാശ ഓഫീസ് ആശങ്ക പ്രകടിപ്പിച്ചപ്പോഴും ഇന്ത്യ സമാനമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - india rejects negative characterisation at un warns against treating unverified allega
Next Story