ഫലസ്തീനുള്ള മാനുഷിക സഹായം തുടരും; ദ്വിരാഷ്ട്ര പരിഹാരത്തിനും ഇന്ത്യയുടെ ഉറച്ച പിന്തുണ
text_fieldsഗസ്സ സിറ്റി: ഫലസ്തീൻ ജനതക്കുള്ള സഹായം തുടരുമെന്ന് ഇന്ത്യ. മേഖലയുടെ സമാധാനത്തിനായി ചർച്ചകളിലൂടെയുള്ള ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണയും ഇന്ത്യ ആവർത്തിച്ചു.
വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ശ്രീപ്രിയ രംഗനാഥൻ ഫലസ്തീൻ വിദേശകാര്യ മന്ത്രി വാർസൻ അഘാബെകിയാൻ ഷഹീനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക സന്ദർശനത്തിന്‍റെ ഭാഗമായാണ് രംഗനാഥൻ ഫലസ്തീനിലെത്തിയത്. ഈജിപ്ത്, ലെബനൻ രാജ്യങ്ങളും അവർ സന്ദർശിക്കുന്നുണ്ട്. ഷഹീനുമായുള്ള ചർച്ചയിൽ ഫലസ്തീൻ ജനതക്കുള്ള മാനുഷിക പിന്തുണയും ചർച്ചകളിലൂടെയുള്ള ദ്വിരാഷ്ട്ര പരിഹാരവും ഇന്ത്യ ആവർത്തിച്ചുറപ്പിച്ചു.
ഗസ്സയിലെ സ്ഥിതിഗതികൾ, മാനുഷിക ആവശ്യങ്ങൾ, ഫലസ്തീൻ ജനതയുമായുള്ള ഇന്ത്യയുടെ ദീർഘകാല വികസന പങ്കാളിത്തം എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ നടന്നതെന്ന് റാമല്ലയിലെ ഇന്ത്യൻ പ്രതിനിധി ഓഫിസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഫലസ്തീൻ ജനതക്കുള്ള ഇന്ത്യയുടെ നിരന്തരമായ പിന്തുണയും ചർച്ചകളിലൂടെയുള്ള ദ്വിരാഷ്ട്ര പരിഹാരവും സെക്രട്ടറി ആവർത്തിച്ചുറപ്പിച്ചെന്ന് പ്രസ്താവനയിൽ പറയുന്നു. ഗസ്സയിലെ ഗുരുതരമായ മാനുഷിക പ്രതിസന്ധിയിൽ ഇന്ത്യയുടെ ആശങ്ക അറിയിച്ച രംഗനാഥൻ, സിവിലിയന്മാർക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ മാനുഷിക സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകതയും ആവർത്തിച്ചു.
മേഖലയുടെ സമാധാനത്തിനും സ്ഥിരതക്കും വേണ്ടിയുള്ള ശ്രമങ്ങൾക്കും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷത്തിന് ശാശ്വതമായ രാഷ്ട്രീയ പരിഹാരം കാണുന്നതിനും ഇന്ത്യയുടെ പിന്തുണ തുടരും. ആരോഗ്യം, വിദ്യാഭ്യാസം, വിഭവശേഷി വികസനം എന്നീ മേഖലകളിൽ നടപ്പാക്കിവരുന്ന പദ്ധതികൾ ഉൾപ്പെടെ ഫലസ്തീന് നൽകുന്ന വികസന, മാനുഷിക സഹായങ്ങളും ഇരുവിഭാഗവും വിലയിരുത്തി. ഫലസ്തീൻ ജനതയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പുതിയ സഹകരണ മേഖലകളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച നടത്തി.
ഫലസ്തീൻ സ്ഥാപനങ്ങൾക്കും യു.എൻ ഏജൻസികൾക്കും ഇന്ത്യ നൽകുന്ന തുടർച്ചയായ പിന്തുണക്ക് ഫലസ്തീൻ നന്ദി രേഖപ്പെടുത്തി. ഇന്ത്യൻ സർക്കാറിന്റെ ധനസഹായത്തോടെയുള്ള ഫലസ്തീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിപ്ലോമസിയുടെ പുരോഗതിയും സുഷമ സ്വരാജ് ഫോറിൻ സർവിസ് ഇൻസ്റ്റിറ്റ്യൂട്ടുമായുള്ള സഹകരണവും ചർച്ചകളിൽ വിഷയമായി. ഇന്ത്യയിലെ ജനങ്ങളും ഫലസ്തീനും തമ്മിലുള്ള ദീർഘകാല സൗഹൃദം ഇരുപക്ഷവും ആവർത്തിച്ചുറപ്പിക്കുകയും ഉഭയകക്ഷി സഹകരണവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്തതായി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

