ഇന്ത്യ-പാക് യുദ്ധം നാൾവഴികൾ
text_fields1947 ഒന്നാം കശ്മീർ യുദ്ധം
നാട്ടുരാജ്യമായിരുന്ന ജമ്മു-കശ്മീരിനെച്ചൊല്ലി പുതുതായി സ്വതന്ത്രരായ ഇന്ത്യക്കും പാകിസ്താനും ഇടയിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധം. പാക് പിന്തുണയുള്ള ഗോത്ര സായുധ സംഘങ്ങൾ ജമ്മു-കശ്മീരിനെ ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. മഹാരാജ ഹരി സിങ് ജമ്മു-കശ്മീർ ഇന്ത്യൻ യൂനിയനിൽ ചേർത്തതും ഇന്ത്യ കശ്മീരിലേക്ക് സൈന്യത്തെ അയച്ചതും രാജ്യങ്ങൾക്കിടയിൽ സമ്പൂർണ സംഘർഷത്തിന് കാരണമായി. ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ നടപ്പാക്കിയതോടെ 1949 ജനുവരിയിൽ യുദ്ധം അവസാനിച്ചു. നിയന്ത്രണരേഖയിൽ ഇന്ത്യയും പാകിസ്താനുമായി കശ്മീരിനെ വിഭജിച്ചു.
1965 രണ്ടാം ഇന്തോ-പാക് യുദ്ധം
ആയിരക്കണക്കിന് പാക് സൈനികർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതോടെ 1965 ആഗസ്റ്റ് 5ന് ആരംഭിച്ച യുദ്ധം. ഓപറേഷൻ ജിബ്രാൾട്ടർ എന്ന രഹസ്യ ഓപറേഷന്റെ ഭാഗമായി കശ്മീരിനെ അസ്ഥിരപ്പെടുത്താനും പ്രദേശത്ത് പ്രക്ഷോഭങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യംവെച്ചായിരുന്നു പാക് നടപടി. ഇന്ത്യ സൈനിക പ്രത്യാക്രമണം നടത്തി. സോവിയറ്റ് യൂനിയന്റെയും അമേരിക്കയുടെയും മധ്യസ്ഥതയിൽ ഇരുപക്ഷവും വെടിനിർത്തലിന് സമ്മതിച്ച 1965 സെപ്റ്റംബർ 23 വരെ യുദ്ധം തുടർന്നു.
1971 ബംഗ്ലാദേശ് വിമോചന യുദ്ധം
പാകിസ്താൻ, കിഴക്കൻ പാകിസ്താനെ (ഇപ്പോൾ ബംഗ്ലാദേശ്) ആക്രമിച്ചതാണ് 1971ലെ ഇന്തോ-പാക് യുദ്ധത്തിന് കാരണമായത്. ബംഗ്ലാദേശ് സ്വാതന്ത്ര്യ പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട് ഇന്ത്യ യുദ്ധത്തിൽ പ്രവേശിച്ചു. 1971 ഡിസംബർ 16ന് പാകിസ്താൻ സൈന്യം കീഴടങ്ങി. യുദ്ധം ബംഗ്ലാദേശ് ഒരു സ്വതന്ത്ര രാഷ്ട്രമായി സൃഷ്ടിക്കുന്നതിലേക്ക് നയിച്ചു.
1999 കാർഗിൽ യുദ്ധം
ജമ്മു-കശ്മീരിലെ കാർഗിൽ സെക്ടറിലെ കൊടുമുടികൾ പാക് സൈന്യവും തീവ്രവാദികളും കൈവശപ്പെടുത്തിയത് ഇരുരാജ്യങ്ങൾക്കുമിടയിൽ യുദ്ധത്തിന് കാരണമായി. യുദ്ധം മേയ് മുതൽ ജൂലൈവരെ നീണ്ടു. ഓപറേഷൻ വിജയ്, ഓപറേഷൻ സഫേദ് സാഗർ എന്നീ സൈനിക നീക്കങ്ങളിലൂടെ ജൂലൈ 26ന് ഇന്ത്യ തീവ്രവാദികൾ കൈയടക്കിയ പ്രദേശം തിരിച്ചുപിടിച്ചതോടെ യുദ്ധം അവസാനിച്ചു. ജൂലൈ 26 കാർഗിൽ വിജയ് ദിവസ് ആയി ആഘോഷിക്കുന്നു.
2016 ഉറി ആക്രമണം
2016 സെപ്റ്റംബർ 18ന് ജമ്മു-കശ്മീരിലെ ഉറിയിൽ ഇന്ത്യൻ സൈനിക താവളത്തിൽ നടന്ന ഭീകരാക്രമണത്തിൽ 19 സൈനികർ കൊല്ലപ്പെട്ടു. സെപ്റ്റംബർ 28, 29 തീയതികളിൽ നിയന്ത്രണരേഖക്ക് സമീപം സർജിക്കൽ സ്ട്രൈക് നടത്തി ഇന്ത്യ മറുപടി നൽകി.
2019 പുൽവാമ ആക്രമണം
40 സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിന് കാരണമായ പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി 2019 ഫെബ്രുവരി 26ന് പാകിസ്താനിലെ ബാലകോട്ടിലെ ജെയ്ഷെ മുഹമ്മദ് തീവ്രവാദ പരിശീലന ക്യാമ്പ് ഇന്ത്യൻ വ്യോമസേന യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു. 1971ലെ യുദ്ധത്തിനുശേഷം ആദ്യത്തെ വ്യോമാക്രമണമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

