ആൾക്കൂട്ടാക്രമണം; കിർഗിസ്താനിലെ വിദ്യാർഥികൾ താമസസ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങരുത്, മുന്നറിയിപ്പുമായി ഇന്ത്യയും പാകിസ്താനും
text_fieldsന്യൂഡൽഹി: വിദേശവിദ്യാർഥികൾക്കെതിരെ കിർഗിസ്താനിൽ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികൾ താമസസ്ഥലങ്ങളിൽ നിന്നും പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പുമായി ഇന്ത്യ. വിദ്യാർഥികളുമായി ബന്ധപ്പെടുന്നുണ്ട്. ഇപ്പോൾ സ്ഥിതി ശാന്തമാണ്. വിദ്യാർഥികളോട് താമസസ്ഥലങ്ങളിൽ തന്നെ കഴിയാൻ നിർദേശിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 0555710041 എന്ന ടോൾ ഫ്രീ നമ്പറും എംബസി നൽകിയിട്ടുണ്ട്.
മെയ് 13ന് ബിഷക്കിൽ ഒരുകൂട്ടം പ്രദേശവാസികളും വിദേശവിദ്യാർഥികളും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ റോഡുകൾ ബ്ലോക്ക് ചെയ്യുകയും കെട്ടിടങ്ങൾക്ക് കേടുപാട് വരുത്തുകയുമായിരുന്നു. കിർഗിസ്താനിലെ സുരക്ഷാസേന നിരവധി പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, ഇന്ത്യക്ക് സമാനമായ മുന്നറിയിപ്പ് വിദ്യാർഥികൾക്ക് പാകിസ്താനും നൽകി. കിർഗിസ്താൻ, ഈജിപ്ത് വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിന്റെ വിഡിയോ പുറത്ത് വന്നതിനെ തുടർന്ന് അന്താരാഷ്ട്ര വിദ്യാർഥികൾക്കെതിരെ അക്രമം ശക്തിപ്പെട്ടുവെന്നും പാകിസ്താൻ വിദ്യാർഥികൾ ജാഗ്രത പാലിക്കണമെന്നുമാണ് പാക് എംബസി നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ചില പാകിസ്താനി വിദ്യാർഥികൾക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. എന്നാൽ, ആർക്കെങ്കിലും ജീവൻ നഷ്ടമായതായി വിവരമില്ല.
പാകിസ്താനി വിദ്യാർഥികൾ നിലവിലെ സാഹചര്യത്തിൽ താമസസ്ഥലങ്ങൾക്കുള്ളിൽ തന്നെ കഴിയണം. അക്രമകാരികൾ പ്രദേശത്തെ മുഴുവൻ വിദേശവിദ്യാർഥികളേയും ലക്ഷ്യമിടുന്നുണ്ടെന്നും പാകിസ്താനിൽ നിന്നുള്ളവരെ മാത്രമല്ലെന്നും പാക് എംബസി അറിയിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എംബസി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

