ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര കരാറായി
text_fieldsന്യൂഡൽഹി: വാണിജ്യ, നിക്ഷേപ മേഖലകളിലെ സഹകരണത്തിന് ശക്തിപകർന്ന് ഇന്ത്യയും ന്യൂസിലൻഡും സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെച്ചു. ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ന്യൂസിലൻഡ് വ്യാപാര മന്ത്രി ടൊഡ് മക്ലേയുമാണ് കരാറിന്റെ ഔദ്യോഗിക രേഖയിൽ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തീരുമാനിക്കുന്ന തീയതിയിൽ കരാർ പ്രാബല്യത്തിൽ വരും.
തലമുറയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന കരാറെന്നാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൻ എക്സ് പോസ്റ്റിൽ കരാറിനെ വിശേഷിപ്പിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയായ ഇന്ത്യയുടെ ഉയർച്ച ന്യൂസിലൻഡിലെ കയറ്റുമതിക്കാർക്ക് അഭൂതപൂർവമായ അവസരം തുറന്നുകൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കരാറിനായുള്ള ചർച്ചകൾക്ക് 2010ൽ തുടക്കംകുറിച്ചെങ്കിലും ഒമ്പത് റൗണ്ടുകൾ പിന്നിട്ട് 2015ൽ വഴിമുട്ടിയിരുന്നു. പിന്നീട് 2025 മാർച്ചിലാണ് പുനരാരംഭിച്ചത്. സംഭാഷണങ്ങൾ പൂർത്തിയായതായി 2025 ഡിസംബറിൽ ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചു.
ഇന്ത്യക്കാർക്ക് കൂടുതൽ തൊഴിൽ വിസ
വിദഗ്ധ തൊഴിലുകളിൽ ഇന്ത്യൻ പ്രഫഷനലുകൾക്ക് പുതുതായി താൽക്കാലിക തൊഴിൽ വിസയിലൂടെ വിദഗ്ധ തൊഴിലുകൾക്കുള്ള അവസരമാണ് കരാർ തുറക്കുക. മൂന്ന് വർഷം വരെ താമസിക്കാൻ അനുവദിക്കുന്ന 5000 വിസകൾ അനുവദിക്കും. ഇന്ത്യയിൽ മദ്യ കയറ്റുമതി തീരുവരഹിതമായിരിക്കും. ഓഷ്യാന രാജ്യത്തുനിന്നുള്ള മദ്യ ഇനങ്ങൾ തീരുവ ഇളവോടെ ആഭ്യന്തര വിപണിയിലെത്തും, തീരുവ 10 വർഷത്തെ കാലയളവിൽ കുറയുകയും ചെയ്യും.
ഇന്ത്യ ഇളവ് നൽകാത്തവ
കർഷകരുടെയും ചെറുകിട, സൂക്ഷ്മ സംരംഭങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ക്ഷീരോൽപന്നങ്ങൾ, മൃഗോൽപന്നങ്ങൾ, പച്ചക്കറികൾ, പഞ്ചസാര, ചെമ്പ്, അലൂമിനിയം എന്നിവ ഉൾപ്പെടെയുള്ള നിരവധി സുപ്രധാന സാധനങ്ങളുടെ കാര്യത്തിൽ ന്യൂസിലൻഡിന് ഇന്ത്യ ഇറക്കുമതി തീരുവയിൽ ഇളവ് നൽകിയിട്ടില്ല.
പാൽ, ക്രീം, യോഗെർട്ട് മുതലായ ക്ഷീരോൽപന്നങ്ങൾ, പച്ചക്കറി ഉൽപന്നങ്ങൾ, പഞ്ചസാര, കൃത്രിമ തേൻ മുതലായവ ഒഴിവാക്കപ്പെട്ടവയുടെ പട്ടികയിലാണ്. ആയുധങ്ങൾ, വെടിക്കോപ്പുകൾ, വജ്രം, ആഭരണം, അലൂമിനിയം മുതലായവയും ഒഴിവാക്കപ്പെട്ടവയുടെ പട്ടികയിലുണ്ട്.
ന്യൂസിലൻഡിനുള്ള നേട്ടം
സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിലാകുന്ന അന്നു മുതൽ ന്യൂസിലൻഡിന്റെ 54.11 ശതമാനം കയറ്റുമതിക്കും ഇന്ത്യ തീരുവ ഇളവ് നൽകും. ആട്ടിറച്ചി, കമ്പിളി, കൽക്കരി, വനോൽപന്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഇനങ്ങൾക്കാണ് തീരുവ ഇളവ്.
ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് വളരെ വിലക്കുറവിൽ അവ ലഭ്യമാകും. കാർഷികോൽപന്നങ്ങൾക്കും അവെക്കാഡോ, ആപ്പിൾ, കിവി ഫ്രൂട്ട് ഉൾപ്പെടെയുള്ള പഴവർഗങ്ങൾക്കും തേൻ, മിൽക്ക് അൽബൂമിൻ മുതലായ ഉൽപന്നങ്ങൾക്കും തീരുവയിൽ ഇളവ് ലഭിക്കും. താരിഫ്-റേറ്റഡ് ക്വോട്ടയിലൂടെ കുറഞ്ഞ ഇറക്കുമതി വിലയിലാണ് അവ ലഭ്യമാകുക. മത്സ്യ ഇനങ്ങൾക്ക് ഏഴ് വർഷത്തെ കാലയളവിൽ തീരുവ തീർത്തും ഇല്ലാതാകും.
10 വർഷത്തെ കാലയളവിൽ ഇരുമ്പ്, ഉരുക്ക്, സ്ക്രാപ് അലൂമിനിയം ഉൽപന്നങ്ങൾക്ക് തീരുവ ഒഴിവാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

