Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒടുവിൽ യു.എസുമായുള്ള...

ഒടുവിൽ യു.എസുമായുള്ള ‘മൃദു താരിഫി’ന് ഇന്ത്യ വഴങ്ങുന്നു; ആശങ്കയേറ്റി നിരവധി പ്രശ്നങ്ങൾ

text_fields
bookmark_border
ഒടുവിൽ യു.എസുമായുള്ള ‘മൃദു താരിഫി’ന് ഇന്ത്യ വഴങ്ങുന്നു; ആശങ്കയേറ്റി നിരവധി പ്രശ്നങ്ങൾ
cancel

ന്യൂഡൽഹി: ആഗോള വ്യാപാര പങ്കാളികൾക്കുമേൽ പുതിയ താരിഫ് ചുമത്താൻ ട്രംപ് ഒരുങ്ങുമ്പോൾ ഇതര ഏഷ്യൻ അയൽരാജ്യങ്ങളേക്കാൾ മൃദുവായ നയത്തിൽ യു.എസുമായി ഇന്ത്യ കരാറിലെത്തിയേക്കുമെന്ന് റി​പ്പാർട്ട്. എന്നാൽ, കരാറുമായി ബന്ധപ്പെട്ട് ചില തടസ്സങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ അതിനുള്ള അന്തിമ രൂപരേഖ ഇതുവരെ തയ്യാറായിട്ടില്ല.

ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള യു.എസ് തീരുവ 20 ശതമാനത്തിൽ താഴെയായി പരിമിതപ്പെടുത്തുന്ന ഒരു വ്യാപാര കരാറിന് അന്തിമരൂപം നൽകാൻ ഇരുരാജ്യങ്ങളും തിരശ്ശീലക്കു പിന്നിൽ മൽസരിക്കുകയാണെന്നാണ് റി​പ്പോർട്ട്. ഇത് നേരത്തെ അവതരിപ്പിച്ച 26 ശതമാനത്തേക്കാൾ കുറവാണ്. മറ്റു ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ ഉൽപന്നങ്ങൾക്ക് യു.എസിൽ ഡിമാന്റേറുന്നതിന് ഇടയാക്കിയേക്കുമെന്നാണ് ഇളവിനെ അനുകൂലിക്കുന്നവരുടെ വാദം. എന്നാൽ, നിരവധി ആശങ്കയേറ്റുന്ന ഘടകങ്ങൾ ഇതിനകം ഉയർന്നുവന്നിട്ടുണ്ട്.

കരാറിനായി പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളുടെ പട്ടിക നീണ്ടതാണ്. ജനിതകമാറ്റം വരുത്തിയ വിളകൾക്ക് ഇന്ത്യ തുറന്നുകൊടുക്കണമെന്ന യു.എസ് ആവശ്യങ്ങളാണ് അവയിൽ പ്രധാനം. കർഷകരിൽ നിന്നും ശാസ്ത്രജ്ഞരിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും ഒരുപോലെ കടുത്ത പ്രതിരോധം സൃഷ്ടിച്ച ഒരു നിർദേശമാണിത്.

ജി.എം ഉൽപന്നങ്ങൾ രാജ്യത്ത് പ്രവേശിച്ചാൽ അവ ആഭ്യന്തര കാർഷിക മേഖലയിലേക്കും ചേർന്ന് എത്തുമെന്ന് വിദഗ്ദ്ധർ ആശങ്കപ്പെടുന്നു. ഇത് ഭക്ഷ്യ സുരക്ഷ, പരിസ്ഥിതി ആഘാതം, ജി.എം ഉൽപന്നങ്ങൾ സ്വീകരിക്കാത്ത രാജ്യങ്ങളുടെ കയറ്റുമതി നിരോധനം എന്നിവയെക്കുറിച്ചുള്ള ആശങ്കകളും ഉയർത്തുന്നു.

യു.എസ് കന്നുകാലികൾക്ക് പലപ്പോഴും മാസം അടങ്ങിയ തീറ്റയാണ് നൽകുന്നത്. ഇത് ഇന്ത്യൻ മതപരവും സാംസ്കാരികവുമായ മാനദണ്ഡങ്ങൾ ലംഘിക്കുന്നു എന്നതിനാൽ പാലുൽപ്പന്ന ഇറക്കുമതിയെച്ചൊല്ലി ഇരുപക്ഷവും തമ്മിൽ ഭിന്നയതുണ്ടായിരുന്നു. ഈ സംരക്ഷണങ്ങൾ ചർച്ച ചെയ്യാൻ കഴിയില്ലെന്ന് ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു.

ഇന്ത്യ ഇതിനകം തന്നെ വിവിധ മേഖലകളിൽ തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. യു.എസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ 28 ശതമാനം വരുന്ന ഓട്ടോമൊബൈൽ ഘടകങ്ങൾക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തുന്നത് ഈ മേഖലക്ക് 9,000 കോടി രൂപയുടെ അധിക ചെലവ് വരുത്തുമെന്ന് ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ഐ.സി.ആർ.എ പറയുന്നു. സ്റ്റീൽ, അലൂമിനിയം എന്നിവക്ക് യു.എസ് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ 4.56 ബില്യൺ ഡോളർ മൂല്യമുള്ള ഒരു പ്രധാന കയറ്റുമതി മേഖലക്ക് ഭീഷണി ഉയർത്തുന്നു.

താരിഫുകൾക്കപ്പുറം ഡാറ്റ ലോക്കലൈസേഷൻ, ബൗദ്ധിക സ്വത്തവകാശ നിർവഹണം, മൾട്ടി ബ്രാൻഡ് റീട്ടെയിൽ തുറക്കൽ എന്നിവയിൽ ഇളവുകൾക്കായി യു.എസ് സമ്മർദം ചെലുത്തുന്നു. ഇത് ആമസോൺ, വാൾമാർട്ട് പോലുള്ള യു.എസ് ഭീമന്മാർക്ക് ഗുണം ചെയ്യും.

അതിർത്തി കടന്നുള്ള ഡാറ്റാ ഒഴുക്ക് നിയന്ത്രിക്കുന്ന ഇന്ത്യയുടെ പുതിയ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്റ്റ് മറ്റൊരു പ്രധാന തർക്ക വിഷയമാണ്. പ്രതിരോധ, ഊർജ കരാറുകളിലേക്കുള്ള പ്രവേശനവും യു.എസ് ആഗ്രഹിക്കുന്നു.

പുറമെ, രാഷ്ട്രീയ താൽപര്യങ്ങളും യു.എസിന് ഉണ്ട്. ഇന്ത്യ ഉൾപ്പെടുന്ന വളർന്നുവരുന്ന സാമ്പത്തിക കൂട്ടായ്മയായ ‘ബ്രിക്‌സിനെ’തിരെ ട്രംപ് ആഞ്ഞടിക്കുകയും അത് യു.എസ് സാമ്പത്തിക താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് പറയുകയും ചെയ്തു. കഴിഞ്ഞയാഴ്ച ഇന്ത്യയുമായുള്ള ഒരു കരാർ ‘അടുത്താണ്’ എന്ന് ട്രംപ് പറഞ്ഞെങ്കിലും ബ്രിക്‌സ് അംഗരാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തുമെന്ന മുന്നറിപ്പും നൽകി.

ഇന്ത്യയുമായി കരാർ ഒപ്പിടാനുള്ള ആദ്യ സമയപരിധി ജൂലൈ 9 ആയിരുന്നു. പരസ്പര താരിഫുകൾ ആരംഭിക്കുന്നതിന് മുമ്പുള്ള 90 ദിവസത്തെ ഇളവ് കാലയളവിന്റെ അവസാനമായിരുന്നു അത്. എന്നാലിപ്പോൾ ആഗസ്റ്റ് ഒന്ന് ഒരു പുതിയ സമയപരിധി നിശ്ചയിച്ചിരിക്കുന്നു. യു.എസുമായി വ്യാപാര മിച്ചമുള്ള രാജ്യങ്ങൾക്ക് ഡോണൾഡ് ട്രംപ് തീരുവ ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് ശേഷം ചർച്ചകൾക്ക് ആദ്യം സമീപിച്ചത് ഇന്ത്യയെയാണ്.

പൊതുവായ നിലപാടിലെത്തുന്നതിനായി, വരും ദിവസങ്ങളിൽ മറ്റൊരു ഇന്ത്യൻ പ്രതിനിധി സംഘം വാഷിങ്ടണി​ലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്. മാസങ്ങൾക്കുള്ളിൽ ഇന്ത്യൻ സംഘം നടത്തുന്ന ഇത്തരത്തിലുള്ള മൂന്നാമത്തെ സന്ദർശനമാണിത്. ഇതേ കാലയളവിൽ യു.എസ് സംഘം ഇന്ത്യയിലേക്ക് രണ്ട് യാത്രകൾ നടത്തിയിട്ടുണ്ട്.

താരിഫുകളിൽ ഒരു ചെറിയ കരാർ തെരഞ്ഞെടുക്കാനും കൂടുതൽ കഠിനമായ ചർച്ചകൾ പിന്നീട് മാറ്റിവെക്കാനും ഇരുപക്ഷവും തീരുമാനിച്ചേക്കാമെന്ന് വ്യാപാര വിദഗ്ധർ പറയുന്നു. എന്നാൽ, ട്രംപിന്റെ അസ്ഥിരവും പ്രവചനാതീതവുമായ നയരൂപീകരണം മൂലം ഒന്നും ഉറപ്പിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trump modiUS Trade Tariffindia us trade dealIndia trade
News Summary - India may be edging toward a softer US tariff pact than its Asian neighbours
Next Story