Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിന്ധു നദീജല കരാർ:...

സിന്ധു നദീജല കരാർ: അന്താരാഷ്ട്ര കോടതിക്ക് ഇടപെടാനാകില്ലെന്ന് ഇന്ത്യ; പാകിസ്താൻ വ്യവസ്ഥ ലംഘിച്ചെന്നും വിദേശകാര്യ മന്ത്രാലയം

text_fields
bookmark_border
സിന്ധു നദീജല കരാർ: അന്താരാഷ്ട്ര കോടതിക്ക് ഇടപെടാനാകില്ലെന്ന് ഇന്ത്യ; പാകിസ്താൻ വ്യവസ്ഥ ലംഘിച്ചെന്നും വിദേശകാര്യ മന്ത്രാലയം
cancel

ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ തങ്ങൾക്ക് ഇടപെടാനാകുമെന്ന ഹേഗിലെ അന്താരാഷ്ട്ര തർക്കപരിഹാര കോടതിയുടെ നിലപാട് ഇന്ത്യ തള്ളി. ജമ്മു കശ്മീരിലെ കിഷൻഗംഗ, രത്‌ലെ ജലവൈദ്യുത പദ്ധതികളെ ചൊല്ലിയുള്ള തർക്കത്തിലാണ് കോടതി വിധി വന്നത്. ഈ പദ്ധതികളെക്കുറിച്ചുള്ള പാകിസ്താന്റെ പരാതികൾ പരിശോധിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന കോടതിയുടെ വാദത്തെ അംഗീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. മധ്യസ്ഥ കോടതി നിയമവിരുദ്ധമായി രൂപീകരിച്ചതാണെന്നും വിഷയത്തിൽ ഇടപെടാൻ അധികാരമില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്. നദീജല കരാറിലെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടാണ് പാകിസ്താന്റെ ആവശ്യപ്രകാരം കോടതി രൂപീകരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സിന്ധു നദീജല കരാർ പ്രകാരം തർക്കങ്ങൾ പരിഹരിക്കാൻ ‘നിഷ്പക്ഷ വിദഗ്ധൻ’ എന്ന സംവിധാനത്തെയാണ് ഇന്ത്യ പിന്തുണക്കുന്നത്. ഇന്ത്യയുടെ ജലവൈദ്യുത പദ്ധതികളുടെ രൂപകൽപന സിന്ധു നദീജല കരാറിലെ വ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് കോടതി തീരുമാനിച്ചത്. ലോകബാങ്ക് നിയമിച്ച നിഷ്പക്ഷ വിദഗ്ധന്റെ നടപടികളും മധ്യസ്ഥ കോടതിയുടെ നടപടികളും ഒരേസമയം മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിയമതടസ്സമില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ഒരേസമയം നിഷ്പക്ഷ വിദഗ്ധനെയും മധ്യസ്ഥ കോടതിയെയും നിയമിക്കുന്നത് കരാറിന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ഇന്ത്യ വാദിക്കുന്നു.

​2016ലാണ് കിഷൻഗംഗ, രത്‌ലെ പദ്ധതികളുടെ ഡിസൈനിലുള്ള തർക്കത്തെത്തുടർന്ന്, തർക്കപരിഹാര കോടതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹേഗിലെ കോടതിയെ പാകിസ്താൻ സമീപിച്ചത്. എന്നാൽ പാകിസ്താന്റെ നീക്കത്തിന് മറുപടിയായി, ഈ വിഷയം ഒരു നിഷ്പക്ഷ വിദഗ്ധൻ പരിശോധിക്കണമെന്ന് ഇന്ത്യയും ആവശ്യപ്പെട്ടു. വിഷയത്തിൽ രണ്ട് വ്യത്യസ്ത നടപടിക്രമങ്ങൾ ഒരേസമയം നടക്കുന്നത് പ്രശ്നമാകുമെന്ന് കണ്ട് 2016ൽ ലോകബാങ്ക് നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. തർക്കം പരിഹരിക്കാൻ മറ്റു വഴികളില്ലാതെ വന്നതോടെ, 2022 ഒക്ടോബറിൽ ലോകബാങ്ക് മധ്യസ്ഥ കോടതിയുടെ ചെയർമാനെയും നിഷ്പക്ഷ വിദഗ്ധനെയും ഒരേസമയം നിയമിച്ചു. ഇതിനെത്തുടർന്നാണ് പാകിസ്താൻ നൽകിയ പരാതിയിൽ കോടതി നടപടികൾ ഊർജ്ജിതമായത്.

അന്താരാഷ്ട്ര കോടതിയുടെ നടപടികൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ നടപടികളിൽനിന്ന് വിട്ടുനിൽക്കുകയാണ് ചെയ്തത്. പാകിസ്താൻ ബോധപൂർവം കരാർ വ്യവസ്ഥകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നാണ് ഇന്ത്യയുടെ പക്ഷം. മധ്യസ്ഥ കോടതിയുടെ വിധിയെ പൂർണമായും അവഗണിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ, പാകിസ്താൻ അതിർത്തികടന്നുള്ള ഭീകരവാദം തുടരുന്ന സാഹചര്യത്തിൽ സിന്ധു നദീജല കരാർ നടപ്പാക്കുന്നത് ഇന്ത്യ നിർത്തിവെച്ചിരിക്കുകയാണ്. രാജ്യം ഭീകരവാദഭീഷണി നേരിടുമ്പോൾ കരാർ വ്യവസ്ഥകൾ പാലിക്കാൻ ഇന്ത്യ ബാധ്യസ്ഥരല്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയുടെ പരമാധികാരത്തെയും സ്വന്തം വിഭവങ്ങൾ ഉപയോഗിക്കാനുള്ള അവകാശത്തെയും ചോദ്യം ചെയ്യാൻ ഒരു അന്താരാഷ്ട്ര കോടതിക്കും അധികാരമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. പാകിസ്താന്റെ താൽപര്യപ്രകാരം നടത്തുന്ന ഒരു പ്രഹസനമായാണ് കോടതി നടപടികളെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. 1960ൽ ഇന്ത്യയും പാകിസ്താനും ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഒപ്പിട്ടതാണ് സിന്ധു നദീജല കരാർ. ഇതനുസരിച്ച് കിഴക്കൻ നദികളായ രവി, ബിയാസ്, സത്‌ലജ് എന്നിവയുടെ നിയന്ത്രണം ഇന്ത്യക്കും, പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവ പാകിസ്താനുമാണ് നൽകിയിരിക്കുന്നത്. എന്നാൽ പടിഞ്ഞാറൻ നദികളിൽ നിശ്ചിത അളവിൽ ജലവൈദ്യുത പദ്ധതികൾ നിർമിക്കാൻ ഇന്ത്യക്ക് അവകാശമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world bankIndus Water Treatyinternational courtIndia Pakistan Tensions
News Summary - India Holds Firm Against International Court Order On Indus Waters Treaty
Next Story