എഫ്-35 യുദ്ധവിമാനം വേണ്ട, ട്രംപിന്റെ തീരുമാനത്തിന് തിരിച്ചടി നൽകി ഇന്ത്യ
text_fieldsf 35 ഫൈറ്റർ ജെറ്റ്
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ 25 ശതമാനം തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ പ്രഖ്യാപനത്തിന് പിറകെ യു.എസില്‍നിന്ന് എഫ്-35 യുദ്ധവിമാനം വാങ്ങാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശന വേളയിലാണ് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇന്ത്യക്ക് അത്യാധുനിക യുദ്ധവിമാനമായ എഫ്-35 നല്‍കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചത്.
പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വം ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് വിശദീകരണം. യു.എസുമായി പുതിയ ആയുധ ഇടപാടുകൾക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. എഫ്-35 വിമാനം താൽകാലം വേണ്ടെന്ന നിലപാട് യു.എസിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍പെടുത്തി ആയുധങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഉയര്‍ന്ന വിലകൊടുത്ത് ആയുധം വാങ്ങി ദീര്‍ഘകാലം മറ്റ് രാജ്യങ്ങളെ ആശ്രയിച്ച് തുടരാനാകില്ലെന്നാണ കേന്ദ്ര സമീപനം.
യു.എസ് പ്രസിഡന്റിന്റെ താരിഫ് പ്രഖ്യാപനം ഇന്ത്യ- യു.എസ് ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയിട്ടുണ്ട്. ട്രംപിന്റെ പുതിയ താരിഫിനെതിരെ പ്രതികാര നടപടിക്ക് ഇന്ത്യ മുതിര്‍ന്നിട്ടില്ല. വിഷയം നയതന്ത്ര തലത്തില്‍ പരിഹരിക്കാനാണ് ശ്രമം. ദേശീയ താൽപര്യത്തില്‍ വിട്ടുവീഴ്ചക്കില്ല എന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ കര്‍ഷകര്‍, ചെറുകിട സംരംഭകര്‍ എന്നിവരെ ബാധിക്കുന്ന തരത്തില്‍ സമ്മർദത്തിന് വഴങ്ങേണ്ട എന്നാണ് ഇന്ത്യയുടെ തീരുമാനം.
ഈ സമയത്താണ് എഫ്-35 ഓഫര്‍ ഇന്ത്യ ഔദ്യോഗികമായി നിരസിച്ചിരിക്കുന്നത്. ഇന്ത്യയുമായുള്ള യു.എസിന്റെ വ്യാപാര കമ്മി കുറക്കാന്‍ അവിടെനിന്ന് പ്രകൃതിവാതകം, ആശയവിനിമയ ഉപകരണങ്ങള്‍, സ്വര്‍ണം എന്നിവ കൂടുതലായി ഇറക്കുമതി ചെയ്തേക്കും. എന്നാല്‍ പുതിയ ആയുധ ഇടപാടില്ല.
എസ്.യു-57ഇ എന്ന അഞ്ചാം തലമുറ യുദ്ധവിമാനവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് റഷ്യ മോഹനവാഗ്ദാനങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ കൈമാറാം, സാങ്കേതിക വിദ്യകളും യുദ്ധവിമാനത്തിന്റെ മുഴുവന്‍ സോഴ്സ് കോഡും കൈമാറാം, ഇന്ത്യയില്‍ അസംബ്ലി ലൈന്‍ സ്ഥാപിക്കാന്‍ സഹായം തുടങ്ങിയ വാഗ്ദാനങ്ങള്‍ റഷ്യ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ നിര്‍മിച്ചാല്‍ എസ്.യു-57ഇയുടെ നിര്‍മാണച്ചെലവ് പകുതിയോളം കുറയുമെന്നാണ് കരുതുന്നത്.മാത്രമല്ല, ഇന്ത്യ വികസിപ്പിച്ച വിരൂപാക്ഷ റഡാര്‍, അസ്ത്ര മിസൈല്‍, രുദ്ര മിസൈല്‍ എന്നിവ ഇതില്‍ ഉപയോഗിക്കാനുമാകും. എഫ് -35 ഓഫര്‍ നിരസിച്ചെങ്കിലും സഹകരണത്തിനുള്ള വാതിലുകള്‍ ഇന്ത്യഅടച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

