'വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ഇന്ത്യക്കൊരു സുഹൃത്തുണ്ട്'; മാർക്കോ റൂബിയോയുടെ സന്ദർശനത്തിൽ ട്രംപിന്റെ സന്ദേശവുമായി യു.എസ് അംബാസഡർ സെർജിയോ ഗോർ
text_fieldsവാഷിങ്ടൺ: ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ഒരു സുഹൃത്തുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ ഉദ്ധരിച്ചുകൊണ്ട് യു.എസ് അംബാസഡർ സെർജിയോ ഗോർ അറിയിച്ചു. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ ആദ്യ ഇന്ത്യൻ സന്ദർശനത്തിന് മുന്നോടിയായിരുന്നു സെർജിയോ ഗോറിന്‍റെ പ്രസ്താവന. നിർണ്ണായകമായ ഈ ആഗോള അഭിമുഖത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദേശം ലളിതമാണെന്നും ന്യൂഡൽഹിയുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കാൻ വാഷിങ്ടൺ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. `ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ, ഡോണൾഡ് ട്രംപ് പ്രധാനമന്ത്രിയെ വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. അദ്ദേഹത്തിന്റെ സന്ദേശം വ്യക്തമായിരിക്കും. അമേരിക്കയും ഇന്ത്യയും സ്വാഭാവിക പങ്കാളികളാണ്. അതിൽ ഊന്നി മുന്നോട്ട് പോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്' ഗോർ കൂട്ടി ചേർത്തു.
രണ്ട് ദിവസം മുമ്പ് താൻ ട്രംപുമായി സംസാരിച്ചിരുന്നുവെന്നും, ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുപക്ഷവും ഒരുമിച്ച് തടസ്സങ്ങളില്ലാതെ പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും യു.എസ് അംബാസഡർ പറഞ്ഞു. `ഈ യാത്രയിലൂടെ ഇരുരാജ്യങ്ങൾക്കും പരസ്പരം പ്രയോജനപ്പെടുന്ന സാഹചര്യങ്ങൾ കണ്ടെത്തി കൈകോർത്ത് പ്രവർത്തിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്'. ഇന്ത്യ സന്ദർശന വേളയിൽ ഡൽഹിക്ക് പുറമെ മറ്റ് വിവിധ നഗരങ്ങളിലായി ഒരു വിദേശ പ്രതിനിധി നാല് ദിവസങ്ങൾ ചെലവഴിക്കുന്നത് സാധാരണയായി സംഭവിക്കാറുള്ള ഒന്നല്ലെന്ന് സെർജിയോ ഗോർ ചൂണ്ടിക്കാട്ടി. റൂബിയോ നാല് ദിവസം ഇന്ത്യയിൽ ഉണ്ടെന്ന വസ്തുത തന്നെ വാഷിങ്ടണും ന്യൂഡൽഹിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പ്രാധാന്യത്തെയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
`ഇതിന് വലിയ പ്രാധാന്യമുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധമാണിത്. കൂടാതെ ഇതൊരു ക്വാഡ് യോഗം കൂടിയാണ്. അതിനാൽ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ചില കാര്യങ്ങൾ പുറത്തുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു'. ക്വാഡ് പങ്കാളികൾ എന്ന നിലയിൽ നാല് രാജ്യങ്ങളും കാത്തിരിക്കുന്ന ചില പ്രധാന തീരുമാനങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. റൂബിയോയും ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും നിരന്തരം സമ്പർക്കം പുലർത്താറുണ്ടെന്നും അമേരിക്കയിലും മറ്റ് അന്താരാഷ്ട്ര ചടങ്ങുകളുടെ ഇടവേളകളിലും പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഗോർ ഇതോടൊപ്പം കൂട്ടി ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

