ഇന്ത്യ-ഇ.യു വ്യാപാര കരാർ: അടുത്തഘട്ടം ചർച്ച ഇന്ന് തുടങ്ങും
text_fieldsന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂനിയനും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിനായുള്ള അടുത്ത ഘട്ടം ചർച്ച തിങ്കളാഴ്ച ബ്രസൽസിൽ ആരംഭിക്കും. വൈകാതെ തന്നെ കരാർ ഒപ്പുവെക്കാൻ കഴിയുമെന്ന് വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പ്രതീക്ഷ പ്രകടിപ്പിച്ചു. ചർച്ചകൾ പൂർത്തിയാക്കി ഡിസംബറിൽ കരാറിൽ ഒപ്പുവെക്കാനാണ് ലക്ഷ്യമിടുന്നത്. ഇരുഭാഗത്തേക്കും വാണിജ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുകയാണ് സ്വതന്ത്ര വ്യാപാര കരാറിലൂടെ ലക്ഷ്യമിടുന്നത്. ചർച്ചയുടെ പുരോഗതി വിലയിരുത്താൻ യൂറോപ്യൻ യൂനിയൻ ട്രേഡ് കമീഷണർ മാറോസ് സെഫ്കോവിക്കുമായി ഈ മാസമവസാനം ദക്ഷിണാഫ്രിക്കയിൽവെച്ച് പീയൂഷ് ഗോയൽ ചർച്ച നടത്തുന്നുണ്ട്.
എട്ടു വർഷത്തെ ഇടവേളക്കുശേഷം 2022 ജൂണിലാണ് സ്വതന്ത്ര വ്യാപാര കരാറിനായി ഇന്ത്യയും യൂറോപ്യൻ യൂനിയനും ചർച്ച പുനരാരംഭിച്ചത്. വിപണികൾ ഏത് അളവ് വരെ തുറന്നുനൽകണമെന്നത് സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് 2013ലാണ് ചർച്ച വഴിമുട്ടിയത്. വാഹനങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവക്ക് വലിയ തോതിൽ തീരുവ ഇളവാണ് യൂറോപ്യൻ യൂനിയൻ ആവശ്യപ്പെടുന്നത്. ഇതിന് പുറമെ, വൈൻ, സ്പിരിറ്റ്, മാംസം തുടങ്ങിയവക്കും നികുതി ഇളവ് ആവശ്യപ്പെടുന്നുണ്ട്. കരാർ യാഥാർഥ്യമായാൽ, ഇന്ത്യയിൽനിന്നുള്ള വസ്ത്രങ്ങൾ, മരുന്നുകൾ, സ്റ്റീൽ, പെട്രോളിയം ഉൽപന്നങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയുടെ കയറ്റുമതിക്ക് ഗുണകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

