ഇന്ത്യ-ചൈന അതിർത്തി തർക്കം സമാധാന ചർച്ചയിലൂടെ പരിഹരിക്കണം- ദലൈ ലാമ
text_fieldsശ്രീനഗർ: സമാധാന ചർച്ചകളിലൂടെ അതിർത്തി പ്രശ്നങ്ങൾ ഇന്ത്യയും ചൈനയും അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ. യാത്രയുടെ ഭാഗമായി രണ്ട് ദിവസത്തേക്ക് ജമ്മുവിൽ എത്തിയതായിരുന്നു അദ്ദേഹം.
2020ൽ ഗാൽവൻ താഴ്വരയിലുണ്ടായ സംഘട്ടനങ്ങൾക്കും ചൈനീസ് അതിക്രമങ്ങൾക്കും ശേഷം ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഗാൽവൻ താഴ്വര, ഹോട്ട് സ്പ്രിങ്സ്, കോങ്രൂങ് നാലാ തുടങ്ങിയ പ്രദേശങ്ങളിലാണ് ചൈന അതിക്രമിച്ച് കയറിയത്.
സമാധാന ചർച്ചകളിലൂടെ ഇത് മാറ്റിയെടുക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നുമാണ് ദലൈ ലാമ ആഹ്വാനം ചെയ്തത്. കോവിഡ് കാലത്തിന് ശേഷം ദലൈ ലാമ ധർമശാല വിട്ട് ചെയ്യുന്ന ആദ്യ യാത്രയാണിത്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷമുള്ള ആദ്യ സന്ദർശനവുമാണ്.
എന്നാൽ സന്ദർശനം ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയും ഇന്ത്യൻ സൈന്യവും തമ്മിലുളള പ്രശ്നങ്ങൾ അതിർത്തിയിൽ വീണ്ടും വഷളാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.